തൃശൂർ: വൻ കഞ്ചാവ് വേട്ട. പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലാണ് സംഭവം നടന്നത്. കഞ്ചാവുമായി രണ്ടുപേരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കെഎസ്ആർടിസി ബസിൽ കൊണ്ടുവരികയായിരുന്ന 13 കിലോ തൂക്കം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

തൃശ്ശൂർ ഡാൻസാഫ് അംഗങ്ങളാണ് വലിയ ലഹരിക്കടത്ത് പിടികൂടിയത് അങ്കമാലി അയ്യമ്പുഴ തറയിൽ വീട്ടിൽ 22 വയസ്സുള്ള ജയ്സൺ ബാബു, കറുകുറ്റി സ്വദേശി 19 വയസുള്ള ജോജു ജോഷി, എന്നിവരെയാണ് കെഎസ്ആര്‍ടിസി ബസ് പരിശോധിച്ച് ഡാൻസാഫ് പിടികൂടിയത്.

തൃശ്ശൂർ കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കമ്മീഷണറുടെ പ്രത്യേക ലഹരി വേട്ട സംഘമായ ഡാൻസാഫ് അംഗങ്ങൾ മുടിക്കോട് വെച്ച് കെഎസ്ആർടിസി ബസിൽ പരിശോധന നടത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. 2 ബാഗുകളിലായി ഏഴ് പൊതുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളെ പോലീസിന് കൈമാറി.