തൃശ്ശൂര്‍: വ്യാജ രേഖകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും കവര്‍ന്ന 20,25000 രൂപ മൂന്നുവര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം തിരികെ കിട്ടി. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ അക്കൗണ്ട് ഉടമയ്ക്ക് മുന്നില്‍ ബാങ്ക് മുട്ടുമടക്കുകയായിരുന്നു. ഡ്യൂപ്ലിക്കേറ്റ് ആധാര്‍കാര്‍ഡ് വഴി വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചാണ് പണം തട്ടിയത്. തൃശ്ശൂരിലെ വാസ്തുകം കെട്ടിട നിര്‍മാണ കമ്പനി ഉടമയും ആര്‍ക്കിടെക്ടുമായ പി.കെ. ശ്രീനിവാസനാണ് നിയമ പോരാട്ടത്തിനൊടുവില്‍ പണം തിരികെ നേടിയത്. സാഹിത്യകാരി സാറാ ജോസഫിന്റെ മകള്‍ സംഗീതയുടെ ഭര്‍ത്താവാണ് ശ്രീനിവാസന്‍.

വാസ്തുകം കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് 2020 ഡിസംബര്‍ 19-നാണ് പണം നഷ്ടപ്പെട്ടത്. പുലര്‍ച്ചെ അഞ്ചുമുതല്‍ ഏഴുവരെ അഞ്ചുതവണയാണ് ഉടമയറിയാതെ പണം പിന്‍വലിച്ചത്. ഉടമയ്ക്ക് മെസ്സേജുള്‍പ്പെടെ അറിയിപ്പൊന്നും വന്നിരുന്നില്ല. അതുകൊണ്ട് തന്നെ പണം നഷ്ടപ്പെട്ട വിവര അറിഞ്ഞതുമില്ല. ഉച്ചയോടെ പണം നഷ്ടപ്പെട്ടതറിഞ്ഞ ശ്രീനിവാസന്‍ ആര്‍.ബി.ഐ. ഓംബുഡ്സ്മാന് ആദ്യം പരാതി നല്‍കി. എന്നാല്‍ പണം ശ്രീനിവാസന്‍ തന്നെയാണ് കൈമാറ്റം ചെയ്തതെന്ന ബാങ്കിന്റെ വാദത്തെ പിന്തുണയ്ക്കുന്ന മറുപടിയാണ് ഓംബുഡ്സ്മാനില്‍നിന്ന് ലഭിച്ചത്. ആര്‍.ബി.ഐ. അപ്പലറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തു.

കേസ് അന്വേഷിച്ച തൃശ്ശൂര്‍ സൈബര്‍ പോലീസ് പണമെത്തിയ കൊല്‍ക്കത്തയിലെ ബ്രാഞ്ച് ശാഖയിലെത്തുകയും വ്യാജ സിംകാര്‍ഡ് ഉണ്ടാക്കി തട്ടിപ്പുനടത്തിയവരെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ നൈജീരിയ ബന്ധമുള്ള പ്രതികളെ പിടികൂടാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞില്ല. ഇതിനിടെ ശ്രീനിവാസന്റെ പരാതി സംബന്ധിച്ച് ആര്‍.ബി.ഐ. നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വഴിത്തിരിവായി. അസാധാരണ സമയത്ത് ഇത്രയും വലിയ തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടും അത് പരിശോധിക്കാനും ഉടമയ്ക്ക് വിവരം നല്‍കാനുമുള്ള സംവിധാനം ബാങ്കിനുണ്ടായിരുന്നില്ലെന്നത് വീഴ്ചയാണെന്നായിരുന്നു കണ്ടെത്തല്‍. പണം മാറ്റപ്പെട്ട ബാങ്ക് മതിയായ കെ.വൈ.സി. പോലുമില്ലാത്ത അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അക്കൗണ്ട് ഉടമയ്ക്ക് പണം നഷ്ടപ്പെടുന്നതിന്റെ ഉത്തരവാദിത്വം അംഗീകരിച്ച് ഇരു ബാങ്കുകളും തുക തിരിച്ചുനല്‍കണമെന്നായിരുന്നു ആഭ്യന്തര അന്വേഷണസമിതി നിര്‍ദേശിച്ചത്.

ഈ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം സ്വന്തമാക്കിയ ശ്രീനിവാസന്‍ തുടര്‍ന്നും ബാങ്കുകളുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. തുടര്‍ന്ന് കേസുമായി മുന്നോട്ടുപോയി. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ആര്‍.ബി.ഐ. ഡെപ്യൂട്ടി കമ്മിഷണറും ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍, ശ്രീനിവാസന്റെ പണമിടപാട് നടന്ന ഇതേബാങ്കുകളുമായി ബന്ധപ്പെട്ട് സമാന സ്വഭാവമുള്ളൊരു തട്ടിപ്പ് കേസുകൂടി പുറത്തുവന്നതാണ് സംഭവങ്ങളുടെ ഗതിമാറ്റിയത്. ഈ ഘട്ടത്തില്‍ പണം കൈമാറിക്കിട്ടിയ ബാങ്ക് ഒത്തുതീര്‍പ്പിനു തയ്യാറായി മുഴുവന്‍ തുകയും ശ്രീനിവാസന്റെ അക്കൗണ്ടിലേക്കു കൈമാറി.