ന്യൂഡല്‍ഹി: ഇറാന് നേരെ യുഎസും ഇസ്രായേലും തുടങ്ങിവെച്ച ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും യുഎന്‍ ചാര്‍ട്ടറിന്റെയും എല്ലാ അന്താരാഷ്ട്ര ഉടമ്പടികളുടെയും ലംഘനവുമാണ് ആക്രമണമെന്ന് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറാനുമായുള്ള ചര്‍ച്ചകള്‍ അവഗണിച്ചാണ് യുഎസും ഇസ്രായേലും ഇപ്പോള്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഈ ചര്‍ച്ചകളില്‍ അവര്‍ക്ക് ഒരു ആത്മാര്‍ഥതയുമുണ്ടായിരുന്നില്ലെന്ന് ആക്രമണത്തില്‍ നിന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. പരമാധികാര രാഷ്ട്രങ്ങളെ തന്നിഷ്ടപ്രകാരം ആക്രമിക്കുന്ന യുദ്ധക്കൊതിയുള്ള രാജ്യമായി യുഎസ് മാറിയിരിക്കുന്നു. വെനസ്വേലക്കെതിരായ ആക്രമണത്തിനും ക്യൂബക്ക് നേരെയുള്ള ഭീഷണികള്‍ക്കും പിന്നാലെയാണ് ഇപ്പോള്‍ ഇറാന് നേരെയുള്ള ആക്രമണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന് നേരെയുള്ള ആക്രമണം. സൗഹൃദരാഷ്ട്രമായ ഇറാന് നേരെയുള്ള ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും എത്രയും വേഗം വെടിനിര്‍ത്തലിലെത്താന്‍ ആവശ്യപ്പെടുകയും വേണം -സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.