കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി പരിപാടിയുടെ നോട്ടീസില്‍ തന്റെ പേര് വന്നതിനെക്കുറിച്ച് അറിയില്ലെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നിരന്തരം വിവാദമുണ്ടാക്കുന്നത് എല്‍ഡിഎഫിന്റെ തന്ത്രമാണെന്നും അവര്‍ ആരോപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ വാങ്ങി മണ്ഡലത്തില്‍ വിജയിച്ച എല്‍ഡിഎഫ്, ഇപ്പോള്‍ വിവാദമുണ്ടാക്കുന്നതിനെ തഹിലിയ ശക്തമായി ചോദ്യം ചെയ്തു.

തനിക്ക് വ്യക്തിപരമായിട്ടല്ല ഇത്തരം പരിപാടികളിലേക്ക് ക്ഷണം ലഭിക്കാറെന്നും, കമ്മിറ്റി മുഖാന്തിരമാണ് ക്ഷണങ്ങള്‍ വരുന്നതെന്നും ഫാത്തിമ തഹിലിയ മാധ്യമങ്ങളോട് വ്യക്തമാക്കി. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതും കമ്മിറ്റിയാണെന്ന് അവര്‍ പറഞ്ഞു. കമ്മിറ്റി തീരുമാനിച്ചാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനും, ആ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും 'അത് തീരുമാനിക്കേണ്ടത് കമ്മിറ്റിയാണ്' എന്നും 'ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ആ പാര്‍ട്ടിയാണ്' എന്നുമായിരുന്നു അവരുടെ മറുപടി.

തഹിലിയ എവിടെയാണ് നോമിനിയായി മാറുന്നതെന്ന് എല്‍ഡിഎഫ് തെളിയിക്കണമെന്നും, എപ്പോള്‍ മുതലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി എല്‍ഡിഎഫിന് ബന്ധം വിട്ടുപോയതെന്നും അവര്‍ വെല്ലുവിളിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ നിരന്തരമായി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സമുദായത്തിന്റെ പേരുപറഞ്ഞ് വോട്ട് അഭ്യര്‍ഥിച്ചെന്ന പരാതിയില്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തഹിലിയ കൂട്ടിച്ചേര്‍ത്തു.