ദില്ലി: വിമാനങ്ങളിലെ ബോംബ് ഭീഷണിയെ കുറിച്ച് അന്വേഷിക്കുന്നതിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ. 50 വിമാനങ്ങള്‍ക്കാണ് ഇന്നലെ മാത്രം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശങ്ങളെത്തുന്നത് വിദേശത്ത് നിന്നാണെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിദേശ ഇടപെടല്‍ പരിശോധിക്കുകയാണ്.

വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ഇന്നലെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. കൊല്‍ക്കത്ത, ആന്ധ്രയിലെ തിരുപ്പതി, ഗുജറത്തിലെ രാജ്‌കോട്ട് എന്നിവിടങ്ങളിലായി 24 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഹോട്ടലുകള്‍ക്ക് ബോംബ് വച്ചിട്ടുണ്ടെന്നും, ആളുകളെ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തില്‍. അഫ്‌സല്‍ ഗുരു പുനര്‍ജനിക്കുന്നുവെന്ന് രേഖപ്പെടുത്തിയ സന്ദേശം റിയാലിറ്റി ഈസ് ഫെയ്ക്ക് എന്ന ഇമെയ്ല്‍ വിലാസത്തില്‍ നിന്നാണ് അയച്ചിരിക്കുന്നത്.

അതിനിടെ വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളില്‍ തടയാന്‍ സാമൂഹികമാധ്യമകമ്പനികള്‍ക്കായി കേന്ദ്രഐടി മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. മെറ്റയും, എക്‌സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ അന്വേഷണം ഏജന്‍സികള്‍ക്ക് കൈമാറണമെന്നുമാണ് നിര്‍ദ്ദേശം.

രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ, ഐക്യം എന്നിവക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.