ഓച്ചിറ: കൊല്ലം ഓച്ചിറയിൽ നടന്നത് വൻ കഞ്ചാവ് വേട്ട. 10.086 കിലോഗ്രാം കഞ്ചാവുമായി നാല് പേരെയാണ് എക്സൈസ് പിടികൂടിയത്. ഓച്ചിറ സ്വദേശി രാജേഷ്‌കുമാർ (41 വയസ്), ഒഡീഷ സ്വദേശികളായ ബിക്കാരി ചരൺ ഗൗഡ (27 വയസ്), സുശാന്ത് കുമാർ (22 വയസ്), രാജേഷ്‌കുമാർ പോലായി (18 വയസ്) എന്നിവരാണ് വലയിൽ കുടുങ്ങിയത്.

അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി. ഒഡീഷയിൽ നിന്നും കഞ്ചാവ് ശേഖരിച്ച് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന് ജില്ലയിൽ മൊത്തവിൽപ്പന നടത്തുന്നതാണ് രീതി.

കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ്.എസ് ന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും കൊല്ലം എക്സൈസ് ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കൊല്ലം എക്‌സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.