തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് നെടുമങ്ങാടുള്ള ഫൈനാൻസ് സ്ഥാപനങ്ങളിൽനിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചുള്ളിമാനൂർ സ്വദേശി അജ്മൽ, മടത്തറ ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. പല ദിവസങ്ങളിലായി 129 മുക്കുപണ്ട വളകൾ പണയം വെച്ച് 69.28 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്.

അജ്മലിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇരുവരും ചേർന്ന് പല ദിവസങ്ങളിലായി നെടുമങ്ങാടും പരിസരങ്ങളിലുമുള്ള ഫൈനാൻസ് സ്ഥാപനങ്ങളിൽ വ്യാജ വളകൾ പണയം വെച്ച് പണം കൈക്കലാക്കുകയായിരുന്നു. പിച്ചള, ചെമ്പ് വളകൾക്ക് മുകളിൽ വിദഗ്ധമായി സ്വർണം പൂശിയതിനാൽ, പ്രാഥമിക പരിശോധനകളിൽ ഇവ വ്യാജമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.

വാളിക്കോട്ടെ ഒരു ഫൈനാൻസ് സ്ഥാപന ഉടമ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് പണയം വെച്ച വളകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾ നെടുമങ്ങാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് പോലീസ്. നെടുമങ്ങാടിന് പുറത്തും പ്രതികൾ ഇതേ മാതൃകയിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.