കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരെ സ്വീകരിച്ച നടപടികളെന്താണെന്ന് കേരള ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞു. ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട് എന്നതിന്റെ പേരില്‍ മറ്റ് നിയമനടപടികള്‍ ഇല്ലാതാകുന്നുണ്ടോയെന്നും കൃത്യമായ നിയമപരിപാലനം നടക്കാതെപോകുന്നുണ്ടോയെന്നും കോടതി ചോദിച്ചു. വിവാദ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്തതായും വിഷയത്തില്‍ കേസെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള പരാതികളില്‍ രണ്ട് മാസത്തിനകം തീര്‍പ്പുണ്ടാക്കാനും കോടതി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടമായതുകൊണ്ട് വിഷയത്തില്‍ കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ക്ക് മുതിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഗുരുവായൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് ബി. ഗോപാലകൃഷ്ണന്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യയുണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന് അദ്ദേഹം വീഡിയോയില്‍ ആരോപിച്ചിരുന്നു. ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഹിന്ദു എംഎല്‍എ തന്നെ വേണമെന്നും ഗോപാലകൃഷ്ണന്‍ ആഹ്വാനം ചെയ്തിരുന്നു.

മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കുന്നതോ വിഭാഗീയത ഉണ്ടാക്കുന്നതോ ആയ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതുകൊണ്ടാണ് വിഷയത്തില്‍ പരാതി ഉയരുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തത്.