മലക്കപ്പാറ: അന്തര്‍സംസ്ഥാന പാതയില്‍ നിലയുറപ്പിച്ച 'കബാലി' എന്ന കാട്ടാനയെ വാഹനം ഇടിപ്പിച്ച് പ്രകോപിപ്പിക്കാന്‍ ശ്രമിച്ച വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വനം വകുപ്പ്. മദപ്പാടുള്ള ഒറ്റയാന്‍ 15 മണിക്കൂറോളം റോഡില്‍ നിലയുറപ്പിച്ചതിനെത്തുടര്‍ന്ന് ഗതാഗതവും തടസപ്പെട്ടിരുന്നു.

വാഴച്ചാല്‍ - മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയിലാണ് സംഭവം. ആന റോഡില്‍ നിന്നും മാറാതെ നിന്ന സാഹചര്യത്തില്‍ ഒരു വാഹനം ഹോണ്‍ മുഴക്കുകയും ആനയുടെ അടുത്തേക്ക് വണ്ടി ഓടിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റു വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നപ്പോഴാണ് തമിഴ്‌നാട് രെജിസ്‌ട്രേഷന്‍ ഉള്ള വണ്ടിയുടെ ഈ പ്രവര്‍ത്തി.

ഞായറാഴ്ച രാവിലെ അഞ്ച് മണി മുതല്‍ റോഡില്‍ തന്നെ നിലയുറപ്പിച്ചിരുന്ന ആന മദപ്പാടിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതിനാല്‍ വനം വകുപ്പിനും അടുക്കാന്‍ സാധിച്ചില്ല. ഉച്ചയോടെ കബാലി റോഡിലേക്ക് പന മറിച്ചിടുകയും അത് കഴിച്ച് തീരുന്നതുവരെ റോഡില്‍ തന്നെ നില്‍ക്കുകയുമായിരുന്നു.

അല്‍പ്പനേരം മാറിയെങ്കിലും ആന വീണ്ടും റോഡിലേക്ക് കയറുകയായിരുന്നു. ഇന്നലെ രാവിലെ 7 മണിയോടെ ആന അടുത്തുള്ള ഇല്ലിക്കാട്ടിലേക്ക് മാറിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.