മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാന്റെ ആവേശത്തിലാണ് കേരളം. ഈ ആവേശത്തോടൊപ്പം ചേര്‍ന്നു കൊണ്ട് പുതിയ അറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസും എംവിഡിയും. എമ്പുരാന്റെ പോസ്റ്ററിനൊപ്പമുള്ള രസകരമായ പോസ്റ്റാണ് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

അടിയന്തിര സഹായങ്ങള്‍ക്ക് വിളിക്കാവുന്ന 112 നമ്പറിന്റെ പ്രചാരണാര്‍ത്ഥം തയ്യാറാക്കിയ ഫെയ്‌സ്ബുക്ക് കാര്‍ഡിലാണ് കേരളാ പോലീസ് എമ്പുരാനെ കൂട്ടുപിടിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി എബ്രാം എന്ന കഥാപാത്രം ഫോണ്‍വിളിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. സിനിമയുടെ പേരായ എമ്പുരാന്‍ എന്നത് മാറ്റി അതേ ശൈലിയില്‍ കേരളാ പോലീസ് എന്ന് എഴുതിയിരിക്കുന്നു. അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം എന്നാണ് പോസ്റ്റിന് നല്‍കിയിരിക്കുന്ന തലവാചകം.

ഖുറേഷി എബ്രഹാം ഫോണ്‍വിളിക്കുന്ന ചിത്രംതന്നെയാണ് എംവിഡിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുമുള്ളത്. കാറില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണീ പോസ്റ്റ് സംസാരിക്കുന്നത്. 'അരശേീി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം! കാറില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റിടാന്‍.......മറക്കല്ലേ' എന്നാണ് എംവിഡി പറയുന്നത്. ബോധവത്ക്കരണ പോസ്റ്ററിലെ ബെല്‍റ്റിടാന്‍ എന്ന വാക്ക് എമ്പുരാന്‍ എന്ന് എഴുതിയിരിക്കുന്ന ശൈലിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

രണ്ട് പോസ്റ്റുകള്‍ക്കും വലിയ സ്വീകാര്യതായണ് ലഭിക്കുന്നത്. പോസ്റ്റിന് തഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്. ഗംഭീര ക്രിയേറ്റിവിറ്റി എന്നാണ് മിക്കവരും കമന്റ് ചെയ്തത്. നിങ്ങളാണ് എമ്പുരാന്റെ ഏറ്റവും വലിയ പ്രൊമോട്ടര്‍മാര്‍, പോലീസും എമ്പുരാന്റെ പ്രചാരണം ഏറ്റെടുത്തോ എന്നെല്ലാം നീളുന്നു കമന്റുകള്‍.