കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട ജീവനക്കാരന്‍ അഖില്‍ സി.വര്‍ഗീസിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കൊല്ലം കരിക്കോട് വയലില്‍ പുത്തന്‍വീട്ടില്‍ എസ്.ശ്യാംകുമാറിനെ (37) യാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വര്‍ഗീസ് അറസ്റ്റുചെയ്തത്.

ശ്യാംകുമാര്‍ സ്വന്തം ആധാര്‍കാര്‍ഡ് ഉപയോഗിച്ച് പ്രതി അഖില്‍ സി.വര്‍ഗീസിന് പുതിയ സിംകാര്‍ഡ് എടുത്തുകൊടുത്തു. ഇയാള്‍ക്ക് ഒളിവില്‍ താമസിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നും അന്വേഷണസംഘം കണ്ടെത്തി. എസ്.ഐ.മാരായ അജയ് ഘോഷ്, ഹരിപ്രസാദ്, അനില്‍കുമാര്‍, എ.എസ്.ഐ. ജയചന്ദ്രന്‍, സി.പി.ഒ.മാരായ ശ്യാം, മജു എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു. തമിഴ്‌നാട്ടിലേയ്ക്ക് രക്ഷപ്പെട്ട പ്രതി അവിടെ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. പിന്നീട് കര്‍ണാടകയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ക്കായി സംസ്ഥാനത്തിന് പുറത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുകയാണ്.