- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരകുളം ഭുവനചന്ദ്രൻ വധക്കേസ്: മൂങ്ങ അഭിലാഷടക്കം 6 പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി
തിരുവനന്തപുരം: നെടുമങ്ങാട് കരകുളം ഭുവനചന്ദ്രൻ എന്ന പുരന്ദരൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ അനവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂങ്ങ അഭിലാഷടക്കം 6 പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തിയത്. പുള്ളിക്കോണം തറട്ട സ്വദേശികളായ മൂങ്ങ അഭിലാഷ് എന്ന അഭിലാഷ് (34) , വിമൽകുമാർ, (29), സുജിത് , സിങ്കം എന്ന ധനേഷ് കുമാർ, രാജേഷ് കുമാർ (27), വിഷ്ണു (27) എന്നിവരാണ് 1 മുതൽ 6 വരെയുള്ള പ്രതികൾ.
അഭിലാഷിന്റെ വീട് ബിജുവിന്റെ സംഘാംഗങ്ങൾ ആക്രമിച്ചതിന്റെ പ്രതികാരമായി ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 ജനുവരി 29 നാണ് ബിജുവിനെ അക്രമികൾ കൊലപ്പെടുത്തിയത്.
അനധികൃത നിലം നികത്തലും മണൽക്കടത്തും നടത്തുന്നവരിൽ നിന്ന് ഹഫ്ത പിരിച്ചായിരുന്നു കൊല്ലപ്പെട്ട ബിജു പണം കണ്ടെത്തിയത്. ഇതിനായി തങ്ങളെ പ്രേരിപ്പിച്ച് സമ്മർദത്തിലാക്കിയിരുന്നതായാണ് പ്രതികൾ പൊലീസിനോട് പറഞ്ഞതായ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. ഹഫ്ത പിരിച്ചു നൽകാൻ അഭിലാഷ് വിസമ്മതിച്ചതോടെ ജനുവരി 28 ന് അഭിലാഷിനെ ഭീഷണിപ്പെടുത്താൻ ബിജു തന്റെ ആളുകളെ അഭിലാഷിന്റെ വീട്ടിലേക്ക് അയച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അഭിലാഷിന്റെ അമ്മയ്ക്ക് പരിക്കേറ്റു.
ഇതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്നും ഇതിന് പ്രതികാരമായാണ് ജനുവരി 29 ന് പുലർച്ചെ ബിജുവിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തിയതെന്നുമാണ് കേസ്. ആക്രമണസമയത്ത് ബിജുവിന്റെ കൂട്ടാളികളായ ജംബു സുരേഷിനും ചന്ദ്രനും മാരകമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ സുരേഷും ചന്ദ്രനും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിലായിരുന്നു.
2015 ഫെബ്രുവരി 4 ന് നെടുമങ്ങാട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.സൈബുദീന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സബ് ഡിവിഷനു കീഴിലുള്ള പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ള പ്രതികളെല്ലാം ഒരു കാലത്ത് ബിജുവിന്റെ കൂട്ടാളികളായിരുന്നു.
അതേ സമയം കരകുളം ആറാം കല്ലിൽ ജംഗ്ഷനിൽവച്ച് 2011ൽ ശ്യാം, പ്രവീൺ എന്നിവരെ കൊലപ്പെടുത്തിയ ഇരട്ടക്കൊല കേസിലെ പ്രതികളായ പ്രിൻസ്, മണിച്ചൻ എന്നിവർക്ക് എതിരായി കോടതിയിൽ വിചാരണ സമയം മൊഴി നൽകിയാൽ കൊല്ലുമെന്ന് സാക്ഷിയായ ആറാംകല്ല് സ്വദേശി സുധീഷിനെ ഭീഷണിപ്പെടുത്തിയതിന് അഭിലാഷിനെതിരെ കേസുണ്ട്. 'കണ്ടത് പറഞ്ഞാൽ നിന്നെയും കൊല്ലും ' എന്നായിരുന്നു ഭീഷണി.