- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിഫാമിൽ ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് പോലീസിൽ നിന്ന് തടിതപ്പി; മണിക്കൂറുകൾക്ക് ശേഷം മസ്ജിദിന്റെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിൽ
മലപ്പുറം: കാളികാവിൽ പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. കാളികാവ് വെന്തോടൻപടി മസ്ജിദിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മോഷണം നടന്ന് മണിക്കൂറുകൾക്കകം അസം സ്വദേശിയായ മൻജിൽ ഇസ്ലാം (27) ആണ് പിടിയിലായത്. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ജനലിന്‍റെ ഗ്ലാസ് അകത്ത് കടന്നാണ് മോഷണം നടത്തിയത്. രണ്ടായിരത്തോളം രൂപയാണ് മോഷണം പോയത്. നഷ്ടപ്പെട്ട തുക പ്രതിയിൽ നിന്ന് കണ്ടെടുത്തു.
രാത്രി ഒമ്പതിന് പള്ളി പൂട്ടിപ്പോയ അവസരത്തിലായിരുന്നു മോഷണം. പ്രഭാത നമസ്‌കാരത്തിനെത്തിയ ഇമാം മോഷണ വിവരം മനസ്സിലാക്കിയതോടെ കാളികാവ് പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ എസ്.ഐ വി ശശിധരൻറെ നേതൃത്വത്തിൽ സംഘം രാത്രി പരിശോധനക്കിടെ മോഷ്ടാവിനെ പിടികൂടി.
ബുധനാഴ്ച രാത്രി ഇതേ പൊലീസ് സംഘം പരിശോധനക്കിടെ സംശയാസ്പദമായി കണ്ട മൻജിൽ ഇസ്‌ലാമിനെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. അസമിൽ നിന്നാണ് വരുന്നെന്നും ഷൊർണൂരിൽ ട്രെയിൻ ഇറങ്ങി വരുകയാണെന്നും പൂങ്ങോടുള്ള കോഴിഫാമിൽ ജോലി ചെയ്യുന്നയാളാണെന്നും പറഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് അയാളെ വിട്ടത്.
മോഷണം നടന്നതറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് രാത്രി വിട്ടയച്ച ഇസ്‌ലാമിൽ സംശയം തോന്നിയ പോലീസ് പ്രദേശത്തെ പത്തോളം കോഴിഫാമുകളിൽ പരിശോധന നടത്തി. എന്നാൽ ഒരു സ്ഥലത്ത് നിന്നും ഇങ്ങനൊരാളെ ജോലിക്ക് നിർത്തിയിട്ടില്ലെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. തുടർന്ന് ഇയാൾക്കായുള്ള അന്വേഷണം അന്വേഷണ സംഘം ഊർജിതമാക്കി.
തുടർന്ന് കാളികാവ് പുറ്റമണ്ണയിലെ കടവരാന്തയിൽ ആൾക്കൂട്ടത്തിൽ പ്രതി നിൽക്കുന്നതായി പൊലീസിൻറെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തി.
പ്രദേശത്തെ ചില പള്ളികളിൽ നേരത്തേ മോഷണം നടന്നിരുന്നു. എന്നാൽ ഇതിലൊന്നും ഇയാൾക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. കാളികാവ് സി.ഐ വി അനീഷിൻറെ നേത്രത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ വി ശശിധരൻ, ഇല്ലിക്കൽ അൻവർ സാദത്ത്, എസ്സിപിഒ ക്ലിൻറ് ജേക്കബ്, സിപിഒമാരായ വി ബാബു, എം കെ മഹേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.