വകുപ്പുതല അച്ചടക്ക നടപടി പത്തിലേറെ തവണ നേരിട്ടു; എന്നിട്ടും മാറ്റമില്ല; ഇത്തവണ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ അച്ഛനില്‍നിന്ന് കൈക്കൂലി വാങ്ങി; പോലീസുകാരന് സസ്പെന്‍ഷന്‍തിരുവനന്തപുരം: പത്തിലേറെ തവണ വകുപ്പുതല അച്ചടക്ക നടപടിക്ക് വിധേയനായ പൊലീസുകാരന് കൈക്കൂലി കേസില്‍ സസ്പെന്‍ഷന്‍. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷബീറിനെയാണ് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

തുമ്പ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ അച്ഛന്റെ പക്കല്‍ നിന്നും 2000 രൂപ ഗൂഗിള്‍ പേ വഴിയാണ് ഷബീര്‍ കൈക്കൂലിയായി സ്വീകരിച്ചത്. തുമ്പ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് മോശം പ്രവൃത്തികളുടെ പേരില്‍ ഷബീറിനെ മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സസ്പെന്‍ഷനിലായത്.

ഇതിനു മുന്‍പും പത്തിലേറെ തവണ ഇത്തരം വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് ഷബീര്‍ വിധേയനായിട്ടുണ്ട്. സ്ത്രീധന പീഡനം, മോഷണം ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ തുമ്പ പോലീസ് സ്റ്റേഷനില്‍ മൂന്ന് ക്രിമിനല്‍ കേസുകളുണ്ട്. കെ-റെയില്‍ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തറയില്‍ തള്ളിയിട്ട് നെഞ്ചില്‍ ചവിട്ടിയതും ഇയാളായിരുന്നു