വര്‍ക്കല: പതിനേഴുകാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തയാളെ പോക്സോ വകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ 24 വയസ്സുള്ള യുവാവിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സ്വദേശിനിയായ 17 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. ആറുമാസം മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. പെണ്‍കുട്ടിയുടെ വയസ്സ് മറച്ചുവെച്ച് വിവാഹം നടത്തിയതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേയും അയിരൂര്‍ പോലീസ് കേസെടുത്തു.

വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന വിവരം ഡോക്ടര്‍ തിരിച്ചറിയുന്നത്. ഡോക്ടര്‍ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അയിരൂര്‍ പോലീസ് നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. വിവാഹം ചെയ്ത യുവാവും, യുവാവിന്റെ മാതാപിതാക്കളും, പെണ്‍കുട്ടിയുടെ മാതാപിതാക്കളും കേസില്‍ പ്രതികളാണെന്ന് അയിരൂര്‍ ഇന്‍സ്പെക്ടര്‍ എം.ജി.ശ്യാം അറിയിച്ചു.