കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ പെയിന്റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു. ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് മരിച്ചത്. സംഭവത്തില്‍ കൊല്ലം അയത്തില്‍ സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.

ശാസ്താംകോട്ടയില്‍ ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിങ് ജോലിക്ക് എത്തിയതായിരുന്നു വിനോദും രാജുവും. ഇറുവരും തമ്മില്‍ താമസ സ്ഥലത്തു വെച്ച് വഴക്കുണ്ടായി. തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന ഇരുവരും തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. വാക്ക് തര്‍ക്കത്തിന് പിന്നാലെ കമ്പിവടി ഉപയോഗിച്ച് വിനോദിനെ രാജു തലയ്ക്കടിച്ചു.

ഗുരുതര പരിക്കേറ്റ വിനോദിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ പെയിന്റിങ് സാമഗ്രികള്‍ കൊണ്ടുവന്നയാളുടെ മുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നതായി ഇയാള്‍ പോലീസിന് മൊഴി നല്‍കി. കൊല നടത്തിയ ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച രാജുവിനെ ശാസ്താംകോട്ടയില്‍ വെച്ച് പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.