- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് വീട്ടിലെത്തി വാക്കു തര്‍ക്കം; ഉച്ചത്തില്‍ പാട്ടുവെച്ചതോടെ കാപ്പി വടികൊണ്ട് തലയ്ക്കടിച്ച് പിതാവ്: മകനെ കൊലപ്പെടുത്തിയ കേസില്‍ 72കാരന് റിമാന്‍ഡില്‍
മകനെ മർദ്ദിച്ച് കൊന്ന അച്ഛൻ റിമാൻഡിൽ
മൂന്നാര്‍: ഉച്ചത്തില്‍ പാട്ടു വച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അച്ഛനെ റിമാന്‍ഡ് ചെയ്തു. ഇടുക്കി രാമക്കല്‍മേട്ടിലാണ് സംഭവം. രാമക്കല്‍മേട് ചക്കകാനം സ്വദേശി 54 കാരനായ പുത്തന്‍ വീട്ടില്‍ ഗംഗധരന് നായര്‍ ആണ് മരിച്ചത്. അച്ഛന് രവീന്ദ്രന് നായരാണ് മകനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യപിച്ചെത്തിയ ഗംഗാധരന് അച്ഛനുമായി വാക്കേറ്റം നടത്തുകയും ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തതാണ് പ്രകോപനമായത്.
അമിതമായി മദ്യപിച്ചു വീട്ടിലെത്തിയ ഗംഗാധരന് പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് രവീന്ദ്രനും ഭാര്യയും ഉറങ്ങാന്‍ പോയി. ഗംഗാധരന് കിടപ്പുമുറിയില്‍ എത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് വച്ചു. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ അല്പസമയത്തിനകം ഉറങ്ങിപ്പോയി. എന്നാല്‍ പാട്ട് നിര്‍ത്തിയിരുന്നില്ല. രവീന്ദ്രന് പലതവണ പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും മകന് കേള്‍ക്കാതെ വന്നതോടെ, മുറിയില്‍ എത്തിയ പിതാവ് കാപ്പി വടിക്ക് മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തില്‍ നിലത്തുവീണ ഗംഗാധരന്റെ തലയില്‍നിന്നും രക്തം വാര്‍ന്നാണ് മരിച്ചത്. കുറച്ച് സമയത്തിന് ശേഷം അയല്‍വാസികളെ മകന് ബോധം കെട്ടു വീണു എന്ന് അച്ഛന് അറിയിച്ചു. മുറ്റത്ത് മെറ്റലില്‍ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് രവീന്ദ്രന് നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവറോടും ആശുപത്രിയിലെ ഒരു ഡോക്ടറോടും താന്‍ വടിയെടുത്ത് അടിച്ചിരുന്നതായി പറഞ്ഞതാണ് നിര്‍ണായകമായത്.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വടി കൊണ്ട് തലയുടെ വലതുഭാഗത്ത് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ഇതോടെ രവീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.