കുടയത്തൂര്‍: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചക്കിക്കാവ് കുന്നിക്കോട് കെ.കെ. സുനിലി (49) നെയാണ് ഭാര്യ രജനി (45)യെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പോലിസ് അറസ്റ്റുചെയ്തത്.

കുടയത്തൂര്‍ മുസ്ലിംപള്ളി കവലയ്ക്ക് സമീപമുള്ള രജനിയുടെ തയ്യല്‍ക്കടയിലെത്തിയ സുനില്‍ കുപ്പിയില്‍ വാങ്ങിക്കൊണ്ടുവന്ന പെട്രോള്‍ രജനിയുടെ ദേഹത്ത് ഒഴിച്ചു. സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിക്കവെ രജനി ഓടി സമീപത്തെ കടയ്ക്കുള്ളില്‍ കയറി. അവിടെയുണ്ടായിരുന്നവര്‍ സുനിലിനെ തടഞ്ഞതോടെ ബഹളമായി. പരിസരത്തുനിന്ന് കൂടുതല്‍ ആളുകളുമെത്തി. ആളുകള്‍ കൈകാര്യംചെയ്യുമെന്ന നില വന്നതോടെ സുനില്‍ അവിടെനിന്ന് കടന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ ബസ് യാത്രയ്ക്കിടെയാണ് അറസ്റ്റുചെയ്തത്. ജില്ലാകോടതി റിമാന്‍ഡുചെയ്തു.

ചക്കിക്കാവില്‍ വാടകയ്ക്കായിരുന്നു ഇരുവരും മകളുമൊത്ത് താമസിച്ചിരുന്നത്. തടിപ്പണി തൊഴിലാളിയാണ് സുനില്‍. മദ്യപാനിയായ സുനില്‍ രജനിയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് രജനി കുമാരമംഗലം പെരുമാങ്കണ്ടത്തുള്ള തന്റെ വീട്ടിലേയ്ക്കുപോയി.

തിരിച്ച് തന്നോടൊപ്പം വരാന്‍ പലതവണ സുനില്‍ ആവശ്യപ്പെട്ടെങ്കിലും രജനി തയ്യാറായില്ലെന്ന് പറയുന്നു. ഈ വൈരാഗ്യത്തിന്റെ പേരിലാണ് രജനിയെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പോലീസ് വ്യക്തമാക്കി. 2012-ല്‍ കാഞ്ഞാര്‍ പോലീസ് ചാര്‍ജുചെയ്ത അടിപിടി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് സുനില്‍.