വാഷിങ്ടണ്‍: അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു. ജനവാസ മേഖലയില്‍ തകര്‍ന്നു വീണ വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രോഗിയായ കുഞ്ഞുള്‍പ്പെടെ യാത്ര പോയ വിമാനമാണ് തകര്‍ന്നുവീണതെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്.

രണ്ട് എഞ്ചിനുള്ള ലിയര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. റൂസ്വെല്‍റ്റ് മാളിനടുത്താണ് വിമാനം തകര്‍ന്ന് വീണത്. മിസ്സോറി സംസ്ഥാനത്തേക്ക് പറക്കുകയായിരുന്ന ചെറു വിമാനം അപകടത്തില്‍ പെടുകയായിരുന്നു. വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ടമാരും കുഞ്ഞും കുടുംബാംഗവുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് സമീപത്തുള്ള വീടുകളില്‍ തീ പടര്‍ന്നു. ഈ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിമാനത്തില്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി അറിയിച്ചു.