- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സൈസിന്റെ വിമുക്തി; നാലു വര്‍ഷത്തിനിടെ ലഹരി മുക്തരായവരില്‍ പ്രായപൂര്‍ത്തിയാകാത്ത 6,871 പേര്‍
എക്‌സൈസിന്റെ വിമുക്തി; നാലു വര്‍ഷത്തിനിടെ ലഹരി മുക്തരായവരില്‍ പ്രായപൂര്‍ത്തിയാകാത്ത 6,871 പേര്‍
തിരുവനന്തപുരം: എക്‌സൈസിന്റെ വിമുക്തി കേന്ദ്രങ്ങള്‍ വഴി ലഹരിയില്‍നിന്ന് മോചനം നേടിയവരില്‍ 6,871 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. ഇതില്‍ നിരവധി പേര്‍ സ്‌കൂള്‍ കുട്ടികളാണ്. 15-16 വയസ്സുള്ളവരാണ് കൂടുതല്‍. 2021 മുതല്‍ 2024 വരെയുള്ള നാലുവര്‍ഷത്തെ കണക്കാണിത്. ലഹരിക്ക് അടിമകളാകുന്നവരെ മോചിപ്പിക്കാന്‍ എക്‌സൈസ് വകുപ്പ് ജില്ലകള്‍തോറും തുറന്നിട്ടുള്ള വിമുക്തി കേന്ദ്രങ്ങളിലൂടെ സൗജന്യ ചികിത്സ നേടിയവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യമേഖലയിലുള്ള ആശുപത്രികള്‍, ഡി-അഡിക്ഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ കണക്കുകള്‍ കൂടി കൂട്ടിയാല്‍ എണ്ണം വീണ്ടും ഉയരും.
ലഹരി ഉപയോഗം സംശയിക്കുന്ന കുട്ടികളെ ആദ്യഘട്ടത്തില്‍ തന്നെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി കൗണ്‍സലിങ് ചികിത്സ നല്‍കുന്ന നേര്‍വഴി പദ്ധതി തുടങ്ങിയിട്ട് ഇതുവരെ 387 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 1,057 സ്‌കൂളുകളില്‍ ലഹരി മാഫിയയുടെ സാന്നിധ്യമുണ്ടെന്ന ഇന്റജലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. വീര്യമേറിയ ലഹരി ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിരുന്നു. വിമുക്തി മിഷന്റെ നേതൃത്വത്തില്‍ 5,585 സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബ്ബുകളും കോളേജുകളില്‍ 1,020 നേര്‍ക്കൂട്ടം കമ്മിറ്റികളും 512 കോളേജ് ഹോസ്റ്റലുകളില്‍ ശ്രദ്ധ കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.
വിമുക്തി കേന്ദ്രങ്ങള്‍ വഴി ചികിത്സ തേടുന്ന മൊത്തം ആളുകളുടെ എണ്ണവും കൂടിവരുകയാണ്. 2016-ല്‍ പദ്ധതി ആരംഭിച്ചതിനുശേഷം ഇതുവരെ 1.36 ലക്ഷം പേര്‍ക്ക് ഡി-അഡിക്ഷന്‍ സെന്റര്‍ വഴി ഒ.പി. ചികിത്സയും 11,078 പേര്‍ക്ക് കിടത്തിച്ചികിത്സയും 3750 പേര്‍ക്ക് മെന്റര്‍മാര്‍ വഴി പ്രാരംഭ കൗണ്‍സലിങ്ങും ഇതുവരെ നല്‍കി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുന്നതിനായി വിമുക്തി മിഷന് ഈ വര്‍ഷം 20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.