കല്‍പറ്റ: വയനാട് പുല്‍പള്ളിയില്‍ കത്തിക്കുത്തില്‍ ഗുരുതരപരിക്കേറ്റ യുവാവ് മരിച്ചു. ഏരിയാപള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ശരീരത്തില്‍ നിരവധി തവണ കുത്തേറ്റതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു റിയാസ്.

ബുധനാഴ്ച രാത്രി പുല്‍പള്ളിയിലെ ബെവറജസ് ഔട്ട്ലെറ്റിന് പുറത്ത് സുഹൃത്തുക്കളുമായുള്ള തര്‍ക്കത്തിനിടെയാണ് റിയാസിന് കുത്തേറ്റത്. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്നും തിരിച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. മീനംകൊല്ലി സ്വദേശികളായ സുഹൃത്തുക്കളാണ് റിയാസിനൊപ്പമുണ്ടായിരുന്നത് എന്നാണ് വിവരം.

ആക്രമണത്തിന് ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. റിയാസിനെ ആദ്യം സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.