- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയെ കണ്ടെത്തിയത് ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തില്‍ നിന്ന്; 12കാരി വീട്ടിലേക്ക് പോവാതിരുന്നത് സ്‌കൂള്‍ അധികൃതര്‍ ഫോണ്‍ പിടിച്ചുവെച്ചതിന്റെ മനോവിഷമത്തില്‍: പാലത്തിലൂടെ പോയ കുട്ടിയെ കണ്ടെത്തിയത് സമീപവാസിയായ യുവാവ്
കൊച്ചിയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി
കൊച്ചി: സ്‌കൂള്‍ വിട്ട് മടങ്ങവെ കൊച്ചിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി. വടുതല സ്വദേശിനിയായ പന്ത്രണ്ടുകാരിയെയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായത്. കൊച്ചി സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെയാണ് കാണാതായത്. സ്‌കൂള്‍വിട്ട് സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ വൈകിട്ട് അഞ്ച് മണിയോടെ പച്ചാളത്തു വച്ചാണ് കാണാതായത്. തുടര്‍ന്ന് പോലിസ് നടത്തിയ വ്യാപക പരിശോധനയില്‍ വല്ലാര്‍പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കാണാതായതിനേ തുടര്‍ന്ന് രക്ഷിതാക്കള്‍ എളമക്കര പോലീസില്‍ പരാതി നല്‍കി. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മയുടെ ഫോണുമായി കുട്ടി സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇതേക്കുറിച്ച് ചോദിക്കുകയും ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തില്‍ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് അറിയിച്ചു.
കുട്ടി സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വരുന്നത് കണ്ടതായി ദൃസാക്ഷികള്‍ പറഞ്ഞിരുന്നു. കുട്ടി സ്‌കൂള്‍ വിട്ട് യൂണിഫോമില്‍ സൈക്കിള്‍ ചവിട്ടി വീട്ടിലേക്കു പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. പച്ചാളം കാട്ടുങ്കല്‍ അമ്പല പരിസരം വരെയുള്ള ദൃശ്യങ്ങളിലാണ് വിദ്യാര്‍ഥിയെ കണ്ടത്. അതിനുശേഷം കാണാതാകുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് വല്ലാര്‍പാടത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്.
ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സമീപവാസിയായ ജോര്‍ജ് ജോയി എന്ന യുവാവാണ് കുട്ടിയെ പാലത്തില്‍ വച്ച് ആദ്യം കണ്ടത്. 'കുട്ടിയെ കാണാതായ വിവരം ടിവിയില്‍ കണ്ടത് വീട്ടില്‍ നിന്ന് അമ്മ വിളിച്ചു പറഞ്ഞു. തിരിച്ചു വരുന്ന വഴിയാണ് കുട്ടി അവിടെ നിന്ന് സൈക്കിള്‍ ചവിട്ടി വരുന്നത് കണ്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയോട് സംസാരിച്ചു കൊണ്ടിരുന്നു. കുട്ടിയുടെ അമ്മയുടെ വീട് നായരമ്പലത്താണ്, അവിടേക്ക് പോകുന്നു എന്നാണ് പറഞ്ഞത്. ആകെ വിഷമത്തിലായിരുന്നു.' ജോര്‍ജ് പറഞ്ഞു.