ആക്കുളം: മദ്യ ലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികനായ യുവാവ് ദാരുണമായി മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ആക്കുളം പാലത്തില്‍ വച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ പാറശ്ശാല സ്വദേശി ശ്രീറാം (26) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ശ്രീറാമിന്റെ സഹപ്രവര്‍ത്തകനായ ഷാനു (26) വിനാണ് ഗുരുതരമായി പരിക്കേറ്റത്. അമിത വേഗതയില്‍ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു. ഷാനു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

കാറിലുണ്ടായിരുന്ന യുവ ഡോക്ടര്‍മാര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് വിഷ്ണു. അതുല്‍ മെഡിക്കല്‍ കോളജില്‍ പിജി ചെയ്യുകയാണ്. മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യുവ ഡോക്ടര്‍മാരുടെ പേരിലല്ല ഇവര്‍ ഓടിച്ചിരുന്ന വാഹനമെന്നാണ് പുറത്ത് വരുന്ന വിവരം.