കണ്ണൂര്‍: ഓട്ടത്തിനിടെ മുള്ളന്‍പന്നി ഓട്ടോറിക്ഷയില്‍ ചാടിക്കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവര്‍ മരിച്ചു. കൊളച്ചേരി വിജയനാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കണ്ണാടിപ്പറമ്പ് പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് രാത്രി പത്തരയോടെയായിരുന്നു അപകടം. അന്നേ ദിവസത്തെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു വിജയന്‍. ഈ സമയം ഇദ്ദേഹം ഓടിച്ചിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍പന്നി ഓടിക്കയറി. തുടര്‍ന്ന് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ വിജയന് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. കണ്ണാടിപ്പറമ്പ് ഉള്‍പ്പെടെയുള്ള ഭാ?ഗങ്ങളില്‍ മുള്ളന്‍പന്നികളുടേയും കാട്ടുപന്നികളുടേയും ആക്രമണം രൂക്ഷമായിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ വിജയന്റെ മരണവും സംഭവിച്ചിരിക്കുന്നത്.