കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ തലയ്ക്കു പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്. സഹപാഠികളുടെ മര്‍ദനത്തില്‍ മാരകാമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. വട്ടോളി എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്്.

ഞായറാഴ്ച ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് പരിപാടിയില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണില്‍ വച്ചാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. താമരശ്ശേറിയിലെ എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളും വട്ടോളി എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സെക്കന്‍ഡറിയിലെ കുട്ടികളും തമ്മിലാണ് പ്രശ്‌നമുണ്ടായത്. എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ട്യൂഷന്‍ സെന്ററില്‍ ഡാന്‍സ് കളിക്കുമ്പോള്‍ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറിയിലെ ഏതാനും കുട്ടികള്‍ കൂകിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കൂകിയതിനു പകരം വീട്ടാന്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതല്‍ കുട്ടികളെ വിളിച്ചു വരുത്തിയാണ് അടിക്കാന്‍ എത്തിയത്.

ട്യൂഷന്‍ സെന്റര്‍ വിദ്യാര്‍ഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടില്‍നിന്ന് വിളിച്ചു കൊണ്ടുപോയതെന്ന് പിതാവ് സ്ഥിരീകരിച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പം പുറത്ത് പോയ കുട്ടി ആകെ വിഷണ്ണനായാണ് തിരികെ എത്തിയതെങ്കിലും വീട്ടുകാര്‍ക്ക് കാര്യം മനസ്സിലായില്ല. കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞതുമില്ല. പുറമേ കാര്യമായ പരുക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛര്‍ദിച്ചതോടെയാണ് വീട്ടുകാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതും നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുന്നതും. അക്രമവുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളായ 5 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. (പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരുടെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ല). വധശ്രമത്തിനാണ് കേസ്.