മൂന്നാര്‍: വട്ടവട കൊട്ടാക്കമ്പൂരിലെ യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു യുവതിയുടെ ആണ്‍സുഹൃത്തിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊട്ടാക്കമ്പൂര്‍ സ്വദേശി എ.രാമചന്ദ്രനെയാണ് (അയ്യപ്പന്‍ - 35) ദേവികുളം എസ്എച്ച്ഒ പി.ജെ.നോബിള്‍ അറസ്റ്റ് ചെയ്തത്. കൊട്ടാക്കമ്പൂര്‍ പെരിയ വീട്ടില്‍ ബാലകൃഷ്ണന്റെ മകള്‍ കലൈവാണിയെയാണ് (31) ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കലൈവാണി ആത്മഹത്യ ചെയ്തതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട രാമചന്ദ്രനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുക ആയിരുന്നു.

വട്ടവട ഗ്രാമത്തില്‍ റേഷന്‍കട നടത്തിയിരുന്ന യുവതി നാലുവര്‍ഷമായി ഭര്‍ത്താവുമായി അകന്ന് രണ്ടു കുട്ടികളുമായി അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. അയല്‍വാസിയായ രാമചന്ദ്രനുമായി യുവതി അടുപ്പത്തിലായിരുന്നു. ശനിയാഴ്ച രാത്രി അമ്മയും മക്കളും മറ്റൊരു വീട്ടില്‍ പോയിരുന്നു. ഇതിനുശേഷം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ രാമചന്ദ്രനും യുവതിയും വാക്കുതര്‍ക്കമുണ്ടാകുകയും പിന്നീട് ഇയാള്‍ യുവതിയുടെ വീട്ടില്‍ കിടന്നുറങ്ങുകയും ചെയ്തു. ഈ സമയത്താണ് കലൈവാണി ആത്മഹത്യ ചെയ്തത്.

പുലര്‍ച്ചെ 2.30ന് എഴുന്നേറ്റപ്പോഴാണ് യുവതി മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്നതു രാമചന്ദ്രന്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ ഷാള്‍ മുറിച്ച് കട്ടിലില്‍ യുവതിയെ കിടത്തിയ ശേഷം സമീപത്തെ വീട്ടിലെത്തി യുവതിയുടെ അമ്മയോട് വിവരം പറഞ്ഞ ശേഷം സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. മറയൂരിലെത്തിയ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ജീപ്പ് അന്വേഷിക്കുന്നതിനിടയില്‍ സംശയം തോന്നിയ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. രാമചന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൊട്ടാകമ്പൂരിലെത്തിച്ച മൃതദേഹം സംസ്‌കരിച്ചു.