കാസര്‍കോട്: ലഹരിവില്‍പന സംബന്ധിച്ചു പൊലീസിനു വിവരം നല്‍കിയെന്നാരോപിച്ചു യുവാവിനെയും ഉമ്മയെയും വീട്ടില്‍ക്കയറി മര്‍ദിച്ചതായി പരാതി. കെകെ പുറം കുന്നില്‍ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാന്‍(34), ഉമ്മ ബി.സല്‍മ(62) എന്നിവര്‍ക്കാണു ലഹരി മാഫിയയുടെ മര്‍ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു സംഭവം. ഇവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസികളായ ഉമറുല്‍ ഫാറൂഖ് (23), സഹോദരന്‍ നയാസ് (26) എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.

എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഉമറുല്‍ ഫാറൂഖിനെയും കാസര്‍കോട് തുരുത്തി കപ്പല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖിനെയും (25) ശനിയാഴ്ച ആദൂര്‍ പൊലീസ് പിടികൂടിയിരുന്നു. കടന്നുകളയുന്നതിനിടെ വീണു പരുക്കേറ്റ ബദിയടുക്കയിലെ ഹര്‍ഷാദ് ആശുപത്രിയിലാണ്. ഇക്കാര്യത്തില്‍, പൊലീസിനു വിവരം നല്‍കിയത് അഹമ്മദ് സിനാന്‍ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.