മൂന്നാര്‍: അര്‍ദ്ധരാത്രി ടൗണിലെ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണശ്രമം. ഭണ്ഡാരപ്പെട്ടി തകര്‍ക്കുന്ന ശബ്ദം കേട്ട് തടയാന്‍ ശ്രമിച്ച ക്ഷേത്രത്തിലെ കാവല്‍ക്കാരനെ മോഷ്ടാവ് കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചു പരുക്കേല്‍പിച്ചു കടന്നുകളഞ്ഞു. ക്ഷേത്രത്തിലെ കാവല്‍ക്കാരന്‍ നല്ലതണ്ണി കല്ലാര്‍ ഫാക്ടറി ഡിവിഷനില്‍ എം.മാടസ്വാമിയാണ് (60) തലയ്ക്കു മുറിവേറ്റ് ചികിത്സയില്‍ കഴിയുന്നത്. കിടന്നുറങ്ങുകയായിരുന്ന മറ്റൊരു കാവല്‍ക്കാരനായ പളനിസ്വാമിയെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണശ്രമം.

അതേസമയം തക്ക സമയത്ത് കാവല്‍ക്കാരന്‍ ഉണര്‍ന്നതിനാല്‍ ക്ഷേത്രത്തില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തിന്റെ ഷട്ടറും അകത്തുള്ള വാതിലും തകര്‍ത്ത ശേഷമാണ് മോഷ്ടാവ് ശ്രീകോവിലിനു സമീപമുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്തത്. പൂട്ട് തകര്‍ക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ കാവല്‍ക്കാരന്‍ മാടസ്വാമി മോഷ്ടാവിനെ കയറി പിടിക്കുന്നതിനിടയിലാണ് മോഷ്ടാവ് കയ്യിലുണ്ടായിരുന്ന കമ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചത്. ഇയാള്‍ ബഹളം വച്ചതോടെ മോഷ്ടാവ് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

ക്ഷേത്രത്തിനു താഴ്ഭാഗത്തു വച്ച് ടൗണിലെ ഗൂര്‍ഖ കള്ളനെ തടയാന്‍ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ കടന്ന ഇയാള്‍ മുതിരപ്പുഴയോരത്തെ കാട്ടില്‍ ഒളിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പുലര്‍ച്ചെ നാലുമണിക്കു ശേഷം ഇയാള്‍ കാളിയമ്മന്‍ ക്ഷേത്രത്തിനു സമീപം പൂട്ടിയിട്ടിരുന്ന രമേശ് എന്നയാളുടെ വീട് കുത്തിത്തുറന്ന് അകത്തു കയറി അലമാര പരിശോധിച്ചെങ്കിലും ഒന്നും ലഭിക്കാതെ സമീപത്തെ വീടിനു മുന്‍പില്‍ കിടന്നിരുന്ന പുതിയ ഷൂ ധരിച്ച ശേഷം കന്നിയാര്‍ പുഴ വഴി നടന്ന് പെരിയവര ഭാഗത്തേക്കു പോയി.

ഇയാള്‍ ക്ഷേത്രത്തിലെത്തിയതു മുതലുള്ള ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. എസ്എച്ച്ഒ രാജന്‍ കെ.അരമനയുടെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 2019ലും ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.