മഞ്ചേശ്വരം: കേരളാ-കര്‍ണാടക ലഹരി മാഫിയയെ തകര്‍ക്കാനുറച്ച് മഞ്ചേശ്വരം പോലിസിന്റെ ലഹരി വേട്ട തുടരുന്നു. ഇന്നലെ രാത്രിയില്‍ മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയില്‍ 25 ഗ്രാം എംഡിഎംഎയും ഏഴ് ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവത്തില്‍ കര്‍ണാടക സ്വദേശിയടക്കം നാലു പേരെ പോലിസ് പിടികൂടി. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണികളാണ് ഇവരെല്ലാമെന്ന് പൊലീസ് അറിയിച്ചു.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇവരെ എല്ലാം പോലിസ് പിടികൂടിയത്. പിടികൂടിയ ഏഴ് ലക്ഷം രൂപ ഇത്തരത്തില്‍ എംഡിഎംഎ വിറ്റ് കിട്ടിയതാണെന്ന് പൊലീസ് അറിയിച്ചു. ലഹരി കടത്താനായി ഇവര്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. അല്ലാം ഇക്ബാല്‍, മുഹമ്മദ് ഫിറോസ്, അന്‍വര്‍ അലിക്കുട്ടി, കര്‍ണാടക സ്വദേശിയായ മുഹമ്മദ് മന്‍സൂര്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് പോലിസ് പറയുന്നത്.

പിടിയിലായ കര്‍ണാടക സ്വദേശി കര്‍ണാടക കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ്. വിദേശത്ത് നിന്ന് വന്ന് നാട്ടില്‍ മാസങ്ങളായി ലഹര വില്പന നടത്തി വരുന്ന ആളാണ് അന്‍വര്‍. ഇവരെല്ലാം ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും വേണ്ടിയാണ് ലഹരി വില്‍പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയവരില്‍ നിന്നും കേരള - കര്‍ണാടക കേന്ദ്രീകരിച്ചുള്ള പ്രധാന ലഹരി മാഫിയകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.