കൊച്ചി: കോതമംഗലം അടിവാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ സംഘാടക സമിതിക്കെതിരെ പൊലീസ് കേസെടുത്തു. പോത്താനിക്കാട് പൊലീസാണ് സംഘാടക സമിതിക്കെതിരെ കേസെടുത്തത്. വ്യക്തിഗത സുരക്ഷ അല്ലെങ്കില്‍ ജീവന്‍ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. അപകടം നടന്ന സ്ഥലത്ത് ഇപ്പോള്‍ പോത്താനിക്കാട് പോലീസ് പരിശോധന നടത്തുകയാണ്.

കഴിഞ്ഞ ദിവസം രാത്രി ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു അപകടം. അപകടത്തില്‍ 52 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ നിലവില്‍ നാല് പേര്‍ ആശുപത്രിയില്‍ തുടരുന്നുണ്ട്. അടിവാട് മാലിക്ക് ദിനാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് പത്ത് മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ രണ്ട് പേരും തൊടുപുഴ ഹോളി ഫാമിലിയിലും ബസേലിയോസ് ആശുപത്രിയിലും ഓരോരുത്തരുമാണ് ചികിത്സയിലുള്ളത്. മഴയില്‍ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം.

ഹീറോ യങ്‌സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂര്‍ണമെന്റിനിടെയായിരുന്നു അപകടം. ഇന്ന് മത്സരത്തിന്റെ ഫൈനലായിരുന്നു. കവുങ്ങിന്റെ തടികൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ഗാലറിയാണ് തകര്‍ന്നത്. മത്സരം തുടങ്ങുന്നതിന് മുന്‍പ് വിജയികള്‍ക്കുള്ള ട്രോഫിയുമായി സംഘടകര്‍ ഗ്രൗണ്ടിനകത്ത് വലം വയ്ക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. പ്രവേശന ടിക്കറ്റിന് 50 രൂപയായിരുന്നു.