കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡില്‍ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍പ്പെട്ട രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം.

ഏറ്റുമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഏറ്റുമാനൂരില്‍ നിന്ന് എറണാകുളം റൂട്ടില്‍ വരികയായിരുന്ന കാറും എതിര്‍ദിശയില്‍ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കാറില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്‌നിശമന സേനയും ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ എറണാകുളം റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.