കൊല്ലം: ഇസ്രയേല്‍ സ്വദേശിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതി വിട്ടയച്ച ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഡീസന്റ് ജംക്ഷന്‍ കോടാലിമുക്കിനു സമീപം തിരുവാതിരയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൃഷ്ണചന്ദ്രനാണ് (ചന്ദ്രശേഖരന്‍ നായര്‍75) ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ 11നു കാസര്‍കോട് കാഞ്ഞങ്ങാട്ടുള്ള ആനന്ദാശ്രമത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ആനന്ദാശ്രമത്തിലെ അന്തേവാസിയായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ഏഴിന് ആനന്ദാശ്രമത്തിലെത്തിയ കൃഷ്ണചന്ദ്രന്‍ അവിടത്തെ അന്തേവാസിയായി. ആശ്രമത്തിലെ എല്‍ ബ്ലോക്കിലെ 53ാം നമ്പര്‍ മുറിയിലെ ജനല്‍ കമ്പിയില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം നടത്തി. 2023ല്‍ കൃഷ്ണചന്ദ്രന്‍ ഭാര്യ സത്വയെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. അറസ്റ്റിലായ കൃഷ്ണചന്ദ്രനെ ഏപ്രില്‍ 30ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചു. കോടതി വിധി വന്നതിനു ശേഷം ഇയാള്‍ കാസര്‍കോടേക്കു പോയി.

കൃഷ്ണചന്ദ്രന്‍ ഉത്തരാഖണ്ഡിലെ ഋഷികേശില്‍ യോഗ അധ്യാപകനായിരുന്നു. അവിടെ യോഗ പരിശീലിക്കാനെത്തിയ സത്വയെ പരിചയപ്പെട്ടു. ഏറെക്കാലം ശിഷ്യയായിരുന്ന സത്വയെ വിവാഹം കഴിച്ചു. 16 വര്‍ഷം ഒരുമിച്ചു താമസിച്ച ശേഷമായിരുന്നു വിവാഹം. 2021ലാണ് ഇരുവരും കേരളത്തിലെത്തിയത്. കൊല്ലം ഡീസന്റ് ജംക്ഷനിലുള്ള വാടക വീട്ടിലാണ് താമസിച്ചു വന്നത്. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് 2023ല്‍ സത്വയുടെ കൊലപാതകത്തിലും കൃഷ്ണചന്ദ്രന്റെ ആത്മഹത്യാശ്രമത്തിനും ഇടയാക്കിയതെന്നുമാണു പറയുന്നത്.