എടക്കര: നാടുകാണി ചുരത്തില്‍ കാട്ടാന വഴിയാത്രക്കാരന്റെ സ്‌കൂട്ടര്‍ തകര്‍ത്തു. അതിലുണ്ടായിരുന്ന യാത്രക്കാരന്‍ ആനയുടെ വരവുകണ്ട് ഇറങ്ങിയോടിയതിനാല്‍ രക്ഷപ്പെട്ടു. നാടുകാണി ചുരം പാതയില്‍ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ചുരത്തിലെ ഒന്നാം വളവിനു സമീപമാണ് ആന സ്‌കൂട്ടര്‍ ആക്രമിച്ചു തകര്‍ത്തത്.

കാരക്കോട് പുത്തിരിപ്പാടം തോരത്ത് ഷറഫുദ്ദീന്‍ ആണ് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്നത്. വഴിക്കടവില്‍നിന്ന് ഗൂഡല്ലൂരിലേക്കായിരുന്നു യാത്ര. ഒന്നാം വളവിന് സമീപമെത്തിയപ്പോഴാണ് ആന മുന്നില്‍പ്പെട്ടത്. കുതിച്ചെത്തിയ ആനയില്‍നിന്ന് ഒരുവിധത്തില്‍ ഓടിരക്ഷപ്പെടുകയായിരുന്നു. യാത്രക്കാരന്‍ ഇറങ്ങി ഓടിയതോടെ സ്‌കൂട്ടര്‍ ചവിട്ടിത്തകര്‍ത്താണ് ആന മടങ്ങിയത്. നെല്ലിക്കുത്ത് വനം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.