കോഴിക്കോട്: ദേശീയ പാതയില്‍ സര്‍വീസ് റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ദാരുണമായി മരിച്ചു. ചോമ്പാല്‍ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തില്‍ മാതാസ് ഭവനത്തില്‍ ടി.ടി.നാണു (61) ആണു മരിച്ചത്. കനത്ത മഴയില്‍ വെള്ളം കയറിയ കുഴിയില്‍ ഇരുചക്ര വാഹനം മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നാണുവിനെ മാഹി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുക്കാളി കെഎസ്ഇബി ഓഫിസിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 11.30 നായിരുന്നു അപകടം. ചോമ്പാല സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ ഡയറക്ടറാണ്. രണ്ടാഴ്ച മുമ്പ് ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ ഓട്ടോ ഡ്രൈവര്‍ കുഴിയില്‍ വിണ് മരിച്ചിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍. ബീനയാണ് ഭാര്യ. മക്കള്‍: അഗിന, അനുരാഗ് (വ്യാപാരി മുക്കാളി ടൗണ്‍). മരുമക്കള്‍: മിറാഷ്, സുപര്‍ണ.