അമ്പലപ്പുഴ: മകന്റെ ചവിട്ടേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനിയമ്മയാണ് (55) ഇന്നലെ രാവിലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജോണ്‍സണെ (32) കോടതി റിമാന്‍ഡ് ചെയ്തു. എന്നാല്‍ മരണകാരണം ക്ഷയ രോഗമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം വേണ്ടിവന്നാല്‍ കൊലക്കുറ്റം ചുമത്തി കേസെടുക്കും.

കഴിഞ്ഞ 29ന് ഉച്ചയ്ക്കാണ് മദ്യപിച്ചെത്തിയ ജോണ്‍സണ്‍ വീടിനുള്ളില്‍ വച്ച് അമ്മയുടെ വയറ്റത്ത് ചവിട്ടി വീഴ്ത്തിയത്. തടസ്സം പിടിക്കാന്‍ ചെന്ന അച്ഛന്‍ ജോണിക്കുട്ടിയെ ജോണ്‍സണ്‍ ചട്ടുകം കൊണ്ട് തലയ്ക്കടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ആനിയമ്മയെയും ജോണിക്കുട്ടിയെയും ആശുപത്രിയില്‍ എത്തിച്ചത്. ജോണിക്കുട്ടി ശനിയാഴ്ച ആശുപത്രി വിട്ടിരുന്നു. ആനിയമ്മയുടെ മൃതദേഹം കഞ്ഞിപ്പാടം വ്യാകുലമാതാ ദേവാലയത്തില്‍ സംസ്‌കരിച്ചു. മറ്റൊരു മകന്‍: ജോബിന്‍.