കൊണ്ടോട്ടി: പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. കൊണ്ടോട്ടിക്കു സമീപം നീറാട് മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്. വീട്ടുപറമ്പില്‍ തെങ്ങിന്‍തടം എടുത്തുകൊണ്ടിരിക്കെയാണ് ഷോക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം. വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മുഹമ്മദ് ഷാ ദൂരെക്ക് തെറിച്ചു വീണു. ശബ്ദംകേട്ട് അടുത്ത വീട്ടില്‍നിന്ന് സഹോദരന്റെ ഭാര്യ ഓടിവന്നു നോക്കിയപ്പോള്‍ മുഹമ്മദ് ഷാ കമ്പിയില്‍ തട്ടി ഷോക്കേറ്റുകിടക്കുന്നതു കണ്ടു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയവരില്‍ ഒരാള്‍ ഇഷ്ടികയെടുത്ത് കമ്പിയില്‍ എറിഞ്ഞാണ് വൈദ്യുതിക്കമ്പി ശരീരത്തില്‍നിന്നു വേര്‍പെടുത്തിയത്.

പ്രാഥമികചികിത്സ നല്‍കി ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെ തേക്കുമരത്തിന്റെ കൊമ്പുകള്‍ വീണ് വൈദ്യുതിക്കമ്പി പൊട്ടി മുഹമ്മദ് ഷായുടെ സഹോദരന്റെ വീട്ടിലേക്കുള്ള വൈദ്യുതി ഇല്ലാതായ വിവരം മുണ്ടക്കുളത്തെ വൈദ്യുതി സെക്ഷന്‍ ഓഫീസിലേക്ക് മൂന്നുതവണ വിളിച്ചുപറഞ്ഞിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. പന്ത്രണ്ടുമണിക്ക് എത്താമെന്ന മറുപടിയാണ് ഓഫീസില്‍നിന്നു കിട്ടിയതെന്നും യഥാസമയം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കില്‍ ഈ ദാരുണമരണം സംഭവിക്കില്ലായിരുന്നുവെന്നും മുഹമ്മദ് ഷായുടെ ബന്ധുക്കള്‍ പറഞ്ഞു. പറമ്പിനുമുകളിലൂടെ പോകുന്ന വൈദ്യുതിക്കമ്പികള്‍ക്ക് കാലപ്പഴക്കമുള്ളതായി സമീപവാസികളും പറഞ്ഞു.

വൈദ്യുതിലൈന്‍ പൊട്ടിവീണ വിവരം അറിയിച്ചിരുന്നില്ലെന്നും മരത്തിന്റെ കൊമ്പുവീണ് വൈദ്യുതി ഇല്ലാതായ വിവരം മാത്രമാണ് സമീപം താമസിക്കുന്ന കുടുംബാംഗങ്ങള്‍ വിളിച്ചുപറഞ്ഞതെന്നും വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ പറഞ്ഞു. രാവിലെ പ്രധാന വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിക്കേണ്ടിവന്നിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ നവീന്‍, ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നന്ദകുമാര്‍, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സജിമോള്‍, മുണ്ടക്കുളം സെക്ഷന്‍ എന്‍ജിനീയര്‍ മദന്‍ ദാസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൊണ്ടോട്ടി പോലീസിന്റെ ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.