തിരുവനന്തപുരം: ട്യൂഷനു പോകാത്തതിന് അഞ്ചാംക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. കുട്ടി അടുത്തദിവസം സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ പോത്തന്‍കോട്ട് പിതാവിന്റെ വീട്ടിലിറങ്ങി കാര്യം പറഞ്ഞു. തുടര്‍ന്ന് പിതാവ് കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തന്‍കോട് സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയുടെ കൈയിലും കാലിലും മുറിവുകളും അടിയേറ്റ പാടുകളുമുണ്ട്. അടികൊണ്ട് നിലത്തു വീണിട്ടും കഴുത്തില്‍ കുത്തിപ്പിടിച്ച് ഇരുവരും വീണ്ടും അടിച്ചതായും കുട്ടി പറയുന്നു.

ആനന്ദേശ്വരത്ത് വാടകയ്ക്കു താമസിക്കുന്ന കുട്ടിയുടെ അമ്മ അനു, സുഹൃത്ത് പ്രണവ് എന്നിവര്‍ക്കെതിരേയാണ് കുട്ടിയുടെ പിതാവ് സജി കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്. അമ്മയുടെ സുഹൃത്തിനെ ഇഷ്ടമല്ലെന്ന് പറഞ്ഞതും ഇവരെ പ്രകോപിതരാക്കിയെന്നും കുട്ടി പറയുന്നു. മുന്‍പും സമാനമായ രീതിയില്‍ ഇരുവരും കുട്ടിയെ ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്.