നല്ലേപ്പിള്ളി: അച്ഛനെ വീട്ടുമുറ്റത്തു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാളറ തോട്ടത്തുക്കളം സി.രാമന്‍കുട്ടി (58) മരിച്ച സംഭവത്തില്‍ മകന്‍ ആദര്‍ശി (26)നെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. രാമന്‍കുട്ടിയുടെ ശരീരത്തില്‍ പലഭാഗത്തായി മര്‍ദനമേറ്റ പാടുകളും രക്തക്കറയും കണ്ടെത്തിയതോടെ സംശയം തോന്നിയ പോലിസ് ചോദ്യം ചെയ്യാനായി ആദര്‍ശിനെ പോലിസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു.

ബുധനാഴ്ച രാത്രി പത്തോടെയാണു രാമന്‍കുട്ടി വീട്ടുമുറ്റത്തു വീണുകിടക്കുന്നതായി ആദര്‍ശ് സമീപവാസികളെ അറിയിക്കുക ആയിരുന്നു. സമീപവാസിയുടെ സഹായത്തോടെ രാമന്‍കുട്ടിയെ വീട്ടിനകത്തു കട്ടിലില്‍ കിടത്തുകയും പിന്നീട് അച്ഛന്‍ മരിച്ചതായി ആദര്‍ശ് ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. പല അസുഖങ്ങള്‍ കാരണം രാമന്‍കുട്ടി കുറച്ച് നാളായി പ്രയായത്തിലായിരുന്നു. അതുകൊണ്ട് തന്നെ സ്വാഭാവിക മരണമെന്നാണ ആദ്യം വിചാരിച്ചത്. മരണ വിവരം അറിഞ്ഞ് വീട്ടിലെത്തിയവരില്‍ ചിലര്‍ക്ക് മൃതദേഹം കണ്ട് സംശയം തോന്നി കൊഴിഞ്ഞാമ്പാറ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്വാഭാവികമരണമെന്നു വരുത്തിത്തീര്‍ത്തു സംസ്‌കാരം നടത്താനുള്ള ശ്രമമാണു നടന്നതെന്നും ആരോപണമുണ്ട്. പൊലീസെത്തി നടത്തിയ പരിശോധനയില്‍ രാമന്‍കുട്ടിയുടെ ശരീരത്തില്‍ പലഭാഗത്തായി മര്‍ദനമേറ്റ പാടുകളും രക്തക്കറയും കണ്ടെത്തി. തുടര്‍ന്ന് ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

രണ്ടു മാസം മുന്‍പു ഭാര്യ ചന്ദ്രിക മരിച്ച ശേഷം രാമന്‍കുട്ടിയും മകന്‍ ആദര്‍ശും മാത്രമാണു വീട്ടിലുള്ളത്. സംഭവസമയത്ത് ആദര്‍ശ് മദ്യപിച്ചിരുന്നതായും രാമന്‍കുട്ടിക്കും മദ്യം നല്‍കിയിരുന്നതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും ആദര്‍ശിനെ ചോദ്യം ചെയ്തു വരികയാണെന്നും ഇന്‍സ്‌പെക്ടര്‍ എം.ആര്‍.അരുണ്‍കുമാര്‍ പറഞ്ഞു. എസ്‌ഐ കെ.ബിജു, എഎസ്‌ഐ വി.ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.