രാജാക്കാട്: മകന്റെ മര്‍ദനത്തില്‍ മുതിര്‍ന്ന രാഷ്ട്രീയനേതാവിന് ഗുരുതര പരിക്ക്. ഖജനാപ്പാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ദീര്‍ഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ആണ്ടവര്‍ (84) ക്കാണ് പരിക്കേറ്റത്.

സംഭവത്തില്‍ മകന്‍ മണികണ്ഠ (43)നെ രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11-നാണ്, വാക്കുതര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് ആണ്ടവരെ മണികണ്ഠന്‍ ടേബിള്‍ ഫാന്‍, ഫ്‌ലാസ്‌ക് എന്നിവകൊണ്ട് തലയിലും മുഖത്തും അടിച്ചത്. ഈ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.