- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് സൈബര്‍ തട്ടിപ്പിന് ഇരയായ വീട്ടമ്മയെ കാണാതായി; 61കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത് 11 ലക്ഷം രൂപ
പാലക്കാട് സൈബര്‍ തട്ടിപ്പിന് ഇരയായ വീട്ടമ്മയെ കാണാതായി
പാലക്കാട്: പതിനൊന്ന് ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പിന് ഇരയായ വീട്ടമ്മയെ കാണാതായതായി പരാതി. കടമ്പഴിപ്പുറം ആലങ്ങാട്ട് ചല്ലിയില്‍ വീട്ടില്‍ ബാലസുബ്രഹ്‌മണ്യന്റെ ഭാര്യ പ്രേമയെയാണ് (61) സെപ്റ്റംബര്‍ 13-ന് അര്‍ധരാത്രിമുതല്‍ കാണാതായത്. അടുത്തിടെയാണ് ഇവര്‍ തട്ടിപ്പിന് ഇരയായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട തട്ടിപ്പുകാര്‍ കോടികളുടെ സമ്മാനത്തുക വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ഇവരില്‍ നിന്നും പണം തട്ടുകയായിരുന്നു. ഇതുസംബന്ധിച്ച് ശ്രീകൃഷ്ണപുരം പോലീസും സൈബര്‍ പോലീസും അന്വേഷണം നടത്തുന്നതിനിടെയാണ് വീട്ടമ്മയെ കാണാതാവുന്നത്.
15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സര്‍വീസ് ചാര്‍ജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിയാലേ സമ്മാനത്തുക ലഭിക്കൂ എന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വാഗ്ദാനം വിശ്വസിച്ച പ്രേമ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് തട്ടിപ്പുകാര്‍ നല്‍കിയ മൂന്ന് അക്കൗണ്ടുകളിലേക്ക് അയല്‍വാസിയുടെ സഹായത്തോടെ പണം നിക്ഷേപിച്ചു. സെപ്റ്റംബര്‍ രണ്ടിനാണ് 11 ലക്ഷം അയച്ചു നല്‍കിയത്. ഇതിനുശേഷം 10-ന് വിളിച്ച് അഞ്ചുലക്ഷം കൂടി നല്‍കിയാലേ സമ്മാനത്തുക ലഭിക്കൂ എന്നറിയിച്ചതോടെ സംശയമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഉടന്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. കൈവശമുള്ള രേഖകളുടെ പ്രാഥമിക പരിശോധനയില്‍ കൊല്‍ക്കത്തയിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നമ്പറിലേക്കുള്‍പ്പെടെയാണ് പണമയച്ചിട്ടുള്ളതെന്ന് വ്യക്തമായി. പണം നഷ്ടമായതോടെ ഇവര്‍ ആകെ മനോവിഷമത്തിലായിരുന്നു. 13-ന് അര്‍ധരാത്രിയോടെ വീടുവിട്ടിറങ്ങിയ പ്രേമ നടന്നുപോകുന്നത് പരിസരത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. 14-ന് പുലര്‍ച്ചെ കടമ്പഴിപ്പുറത്തുനിന്ന് ഗുരുവായൂര്‍ക്കുള്ള ബസില്‍ ഇവര്‍ കയറിയതായി സ്ഥലത്തെ ഓട്ടോറിക്ഷാഡ്രൈവര്‍മാരുള്‍പ്പെടെ കണ്ടിരുന്നു.
ഇളംപച്ചയും വെള്ളയും കലര്‍ന്ന നിറത്തിലുള്ള ചുരിദാറാണ് വീടുവിട്ടിറങ്ങുമ്പോള്‍ ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9048412976 എന്ന നമ്പറിലോ അറിയിക്കണം.