റായ്പുര്‍: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലെ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്കു പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സില്‍താരയിലെ ഗോദാവരി ഇസ്പാത് ലിമിറ്റഡിന്റെ പ്ലാന്റിലാണ് അപകടം നടന്നത്.

''വിവരം അറിഞ്ഞ ഉടന്‍ പൊലീസ് സംഭവ സ്ഥലത്തേക്ക് പോവുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക വിവരം അനുസരിച്ച് ആറ് തൊഴിലാളികള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചില തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയമുണ്ട്. തിരച്ചില്‍ പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി'' റായ്പുര്‍ എസ്പി ലാല്‍ ഉമേദ് സിങ് പറഞ്ഞു.

തൊഴിലാളികളുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും സ്റ്റീല്‍ പ്ലാന്റിന്റെ പരിസരത്തിനു പുറത്തു തടിച്ചുകൂടിയിരിക്കുകയാണ്. മേല്‍ക്കൂര തകര്‍ന്നുവീഴാന്‍ ഇടയായ കാരണം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.