കൊച്ചി: മകള്‍ അഭിഭാഷകയായി എന്റോള്‍ ചെയ്യുന്നതിനു സാക്ഷിയാകാന്‍ വധശ്രമക്കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട പിതാവിനു അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ച് ഹൈക്കോടതി. ഒരു മകളുടെ വികാരം മാനിച്ച് മാത്രമാണ് പരോള്‍ അനുവദിക്കുന്നതെന്നും കോടതി പറഞ്ഞു. മലപ്പുറം സ്വദേശിയായ അന്‍പതുകാരനാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ താല്‍ക്കാലിക പരോള്‍ അനുവദിച്ചത്.

അഭിഭാഷകയായി താന്‍ എന്റോള്‍ ചെയ്യുമ്പോള്‍ പിതാവ് സാക്ഷിയാകണമെന്ന ആഗ്രഹം യുവതി കോടതിയെ ബോധിപ്പിക്കുക ആയിരുന്നു. മകളുടെ ആഗ്രഹം പരിഗണിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യം കണക്കിലെടുത്താണു പരോള്‍ അനുവദിക്കുന്നതെന്നു വ്യക്തമാക്കി. ഒരു മകളുടെ വികാരത്തിനു മുന്നില്‍ കോടതിക്കു കണ്ണടയ്ക്കാനാകില്ല. പരോള്‍ അനുവദിക്കുന്നതു സവിശേഷ സാഹചര്യം കണക്കിലെടുത്താണെന്നും കീഴ്വഴക്കമായി കാണരുതെന്നും കോടതി പറഞ്ഞു.

പരോള്‍ എല്ലാ സാഹചര്യങ്ങളിലും അനുവദിക്കാനാവില്ലെന്നും പരോളിനു പ്രഥമദൃഷ്ട്യാ ഹര്‍ജിക്കാരന്‍ അര്‍ഹനല്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ മകളുടെ കണ്ണിലൂടെയാണു കോടതി വിഷയം പരിഗണിക്കുന്നത്. ഹര്‍ജിക്കാരന്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരനാണ്. എല്ലാവരും ക്രിമിനല്‍ ആയി കാണുന്നയാളുമാകാം. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും അച്ഛന്‍ ഹീറോ ആയിരിക്കും.

പരോള്‍ അപേക്ഷ ജയില്‍ അധികൃതര്‍ നിരസിച്ചതിനെത്തുടര്‍ന്നാണു ഹര്‍ജി നല്‍കിയത്. നാളെയും മറ്റന്നാളും നടക്കുന്ന എന്റോള്‍മെന്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇന്നു മുതല്‍ 14വരെയാണു പരോള്‍ അനുവദിച്ചത്.