കണ്ണൂര്‍ : മുതിര്‍ന്ന സി. പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജന്‍. 'ജി സുധാകരന്റേത് പാര്‍ട്ടി വിരുദ്ധമായ നീക്കമല്ല. സുധാകരന്‍ പറഞ്ഞതില്‍ കൂടുതല്‍ വ്യക്തത നിങ്ങള്‍ അദ്ദേഹത്തോട് തന്നെ തേടണം. ജി സുധാകരനെതിരെ സൈബര്‍ ആക്രമണം ആര് നടത്തിയെന്ന എനിക്ക് അറിയില്ല. സൈബര്‍ ആക്രമണം ആര് നടത്തിയാലും തെറ്റാണെന്നും', ഇ പി ജയരാജന്‍ പറഞ്ഞു.

ശബരിമലയില്‍ നടന്നത് മഹാ കള്ളത്തരമാണ്. ഇത്തരം പ്രവണതകള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനുമുന്‍പ് ഏതെങ്കിലും അമ്പലം കട്ടുമുടിച്ചിട്ടുണ്ടോയെന്നും ഇ പി ജയരാജന്‍ ചോദിച്ചു. ഇപ്പോഴാണ് ആ കൊള്ള കണ്ടുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ എത്ര കാലമായി പ്രവര്‍ത്തിക്കുന്നു. ബി.ജെ.പി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനല്ല കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ടുബിഹാറില്‍ തോറ്റ് തൊപ്പിയിട്ട് വരുമെന്ന് ഇ പി ജയരാജന്‍ പരിഹസിച്ചു. ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാതെ ഇപ്പോഴും സീറ്റിനായി വിലപേശുകയാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

'ആറ് മാസം കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണം മാറുമെന്നാണ് പറയുന്നത്. തപസ്സ് ചെയ്താലും കോണ്‍ഗ്രസ് തിരിച്ചുവരില്ല. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അദ്ധ്യായം അടഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്‍ എംപിയുടേത് അഹങ്കാരവും ധിക്കാരവും താന്‍ പ്രമാണിത്തവുമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഷാഫിയെ ഉപദേശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്രയില്‍ കോണ്‍ഗ്രസിന്റെ ഉദ്ദേശം സംഘര്‍ഷം ഉണ്ടാക്കലായിരുന്നു. ലീഗിനെ ഏല്‍പ്പിച്ച് കലാപത്തിന് ശ്രമിച്ചു. കോണ്‍ഗ്രസ് എത്തിയത് വടിയും ആയുധങ്ങളുമായാണെന്നും ഷാഫി പറമ്പില്‍ എംപിയുടേത് അഭിനയമായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.