തൃശൂര്‍: ഓടുന്ന ട്രെയിനില്‍ നിന്നു ടിടിഇയുടെ കയ്യില്‍ പിടിച്ചുവലിച്ചു പുറത്തേക്കു ചാടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മദ്യലഹരിയില്‍ റിസര്‍വ്ഡ് കമ്പാര്‍ട്‌മെന്റില്‍ കയറി ബഹളമുണ്ടാക്കുകയും ടിടിഇയെ അപാടയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത 37കാരനാണ് ആര്‍പിഎഫിന്റെ പിടിയിലായത്. എറണാകുളത്തെ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറായ എ.സനൂപ് ആണ് ആക്രമിക്കപ്പെട്ടത്. പ്രതി പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി നിതിനെ (37) ആര്‍പിഎഫ് പിടികൂടി.

മദ്യലഹരിയിലായിരുന്ന നിധിന്‍ സനൂപുമായി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടാന്‍ ശ്രമിക്കുക ആയിരുന്നു. സനൂപിന്റെ വലതുകയ്യില്‍ പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നു ഷാലിമാറിലേക്കു പോകുന്ന ഗുരുദേവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രി പത്തരയോടെയാണു സംഭവം. ട്രെയിന്‍ ഇരിങ്ങാലക്കുട സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് റിസര്‍വ്ഡ് കോച്ചുകളിലൊന്നില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന നിധിനെ സനൂപ് കാണുന്നത്.

കയ്യില്‍ ജനറല്‍ ടിക്കറ്റ് ആണെന്നു മനസ്സിലാക്കിയതോടെ ജനറല്‍ കോച്ചിലേക്കു മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ത്തന്നെ ഇറങ്ങിക്കളയാമെന്നു പറഞ്ഞു നിതിന്‍ സനൂപിന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചു പുറത്തേക്കു ചാടാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തെ കൊളുത്തില്‍ പിടിത്തം കിട്ടിയതുകൊണ്ടു സനൂപ് പുറത്തേക്കു വീണില്ല. പാന്‍ട്രി ജീവനക്കാരടക്കം ഓടിയെത്തിയാണ് ഇരുവരെയും പിടിച്ച് ഉള്ളിലേക്കു കയറ്റിയത്. തലനാരിഴയ്ക്കാണ് സനൂപ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.