കണ്ണൂര്‍: കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടി അധികാരത്തിലെത്തിയ സര്‍ക്കാരാണ് പിണറായിയുടെതേന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരന്‍ എം പി പറഞ്ഞു. ഈ സര്‍ക്കാരിനെതിരെ എത്രയെത്ര അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. അതിലൊന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്താതെ സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമായി മാറ്റിയതോടെ അഴിമതി ആരോപണങ്ങളെയെല്ലാം വെള്ളപൂശുന്ന സ്ഥിതിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന പഴഞ്ചൊല്ല് പോലെയാണ് ശബരിമലയിലെ അയ്യപ്പന്റെ മുതല് കക്കാന്‍ ശ്രമിച്ചപ്പോള്‍ പിണറായിയുടെ സര്‍ക്കാര്‍ കുടുങ്ങിയിരിക്കുന്നത്. ശബരിമലയില്‍ നിന്നും സ്വര്‍ണപ്പാളിയും വാതിലും ദ്വാരകപാലകരില്‍ പൂശിയ സ്വര്‍ണമടക്കം അടിച്ച് മാറ്റി. ഇതേ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ അനങ്ങാതെ ഇരിക്കുകയും ഒടുവില്‍ ഹൈക്കോടതി ഇടപെട്ട് അന്വേഷണം സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് അതാത് സമയം അറിയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തതോടെയാണ് സ്വര്‍ണ്ണം കട്ടവര്‍ ഒന്നൊന്നായി കുടുങ്ങി കൊണ്ടിരിക്കുന്നത്. അറസ്റ്റിലായവരില്‍ കൂടുതല്‍ പേരും പിണറായിയുടെ അടുത്ത ആളുകളാണ്. ഇനിയും കൂടുതല്‍ പേര്‍ കൂടുതല്‍ പേര്‍ പ്രതികളാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയുടെ കര്‍മ്മശേഷിയും ജാഗ്രതയുമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഈ സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു തുടങ്ങിയിട്ട് കാലം കൂറെയായി. ഇപ്പോള്‍ സിപിഎം പാര്‍ട്ടിക്കകത്തും തല്ലാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി നടുറോഡില്‍വരെ തമ്മിലടിയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതികരണമാണ് പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്.ഈ അവസരം നമ്മള്‍ക്ക് പറ്റിയ അന്തരീക്ഷമാണ്. ഇടത് സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടിയായിരിക്കണം നാം ഓരോ വീടുകളിലും കയറി ഇറങ്ങി വോട്ട് പിടിക്കേണ്ടത്. മല്‍സരിക്കാന്‍ നല്ല കാര്യശേഷിയുള്ള സ്ഥാനാര്‍ഥികളാണ് നിര്‍ത്തിയിട്ടുള്ളത് - സുധാകരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്സലായി കണ്ട് വേണം പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകേണ്ടതെന്ന് സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള കെ പി സി സി വൈസ് പ്രസിഡന്റ് രമ്യാ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു.

മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കല്ലായി, ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലരി,എം പി മുഹമ്മദലി, മേയര്‍ മുസ്ലീഹ് മഠത്തില്‍, മുന്‍ മേയര്‍ സുമാബാലകൃഷ്ണന്‍,കെ പ്രമോദ് ,വി വി പുരുഷോത്തമന്‍ ,സുരേഷ് ബാബു എളയാവൂര്‍ , സി എം ഗോപിനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.