- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം 1.11 ലക്ഷം രൂപയില്‍ നിന്ന് 3.45 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു; അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പളവും അലവന്‍സും വര്‍ധിക്കും: സിറ്റിങ് എംഎല്‍എ മരിച്ചാല്‍ കുടുംബത്തിനു 25 ലക്ഷം
ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു
ഭുവനേശ്വര്‍: ഒഡീഷ നിയമസഭ അംഗങ്ങളുടെ പ്രതിമാസ ശമ്പളം ഒറ്റയടിക്ക് മൂന്ന് മടങ്ങ് വര്‍ധിപ്പിച്ചു. 1.11 ലക്ഷം രൂപയായിരുന്ന ശമ്പളം 3.45 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. രാജ്യത്തെ നിയമസഭാ സാമാജികരുടെ ഏറ്റവും ഉയര്‍ന്ന ശമ്പള നിരക്കുകളില്‍ ഒന്നാണ് ഒഡീഷയിലേത്. പതിനേഴാമത് നിയമസഭ രൂപീകരിച്ച 2024 ജൂണ്‍ മുതല്‍ വര്‍ധിപ്പിച്ച ശമ്പളം പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം, മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ എന്നിവയും മൂന്നു മടങ്ങ് വര്‍ധിപ്പിച്ചു.
സിറ്റിങ് എംഎല്‍എ മരിച്ചാല്‍ കുടുംബത്തിനു 25 ലക്ഷം രൂപ സഹായം നല്‍കാനും നിയമമായി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും പാസാക്കിയിട്ടുണ്ട്. പുതിയ ബില്‍ ആവശ്യമില്ലാതെ ഓര്‍ഡിനന്‍സിലൂടെ വര്‍ധനവ് വരുത്താം.
എംഎല്‍എമാരുടെ ശമ്പളം 90,000 രൂപയായിരിക്കും. ബാക്കി തുകകള്‍ പലവിധ അലവന്‍സായാകും ലഭിക്കുക. മണ്ഡല അലവന്‍സായി 75,000 രൂപ ലഭിക്കും. യാത്രാ അലവന്‍സായി 50,000 രൂപയും പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയ്ക്കായി 10,000 രൂപയും, വൈദ്യുതി അലവന്‍സായി 20,000 രൂപയും, സ്ഥിര യാത്രാ അലവന്‍സായി 50,000 രൂപയും, മെഡിക്കല്‍ അലവന്‍സായി 35,000 രൂപയും, ടെലിഫോണ്‍ അലവന്‍സായി 15,000 രൂപയും ലഭിക്കും.
മുന്‍ എംഎല്‍എയ്ക്ക് പെന്‍ഷനായി 1.17 ലക്ഷം രൂപ ലഭിക്കും. അതില്‍ 80,000 രൂപ പെന്‍ഷനും 25,000 രൂപ മെഡിക്കല്‍ അലവന്‍സും 12,500 രൂപ യാത്രാ അലവന്‍സും ആണ്. ഓരോ ടേമിനും ഒരു എംഎല്‍എയ്ക്ക് 3,000 രൂപ അധികമായി ലഭിക്കും. പാസാക്കിയ ബില്ലുകള്‍ പ്രകാരം മുഖ്യമന്ത്രിക്ക് പ്രതിമാസം 3,74,000 രൂപയും നിയമസഭാ സ്പീക്കറിനും ഉപമുഖ്യമന്ത്രിക്കും 3,68,000 രൂപയും ഡപ്യൂട്ടി സ്പീക്കറിനും സഹമന്ത്രിക്കും 3,56,000 രൂപ വീതവും ലഭിക്കും. കാബിനറ്റ് മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും പ്രതിമാസം 3,62,000 രൂപ വീതം ലഭിക്കും. സര്‍ക്കാര്‍ ചീഫ് വിപ്പിനും ഡപ്യൂട്ടി ചീഫ് വിപ്പിനും യഥാക്രമം 3,62,000 രൂപയും 3,50,000 രൂപയും ലഭിക്കും.




