റാസല്‍ഖൈമ: മഴ നനയാതിരിക്കാന്‍ ഓടിക്കയറിയപ്പോള്‍ കെട്ടിടത്തിന്റെ കല്ല് അടര്‍ന്ന് തലയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയില്‍ സല്‍മാന്‍ ഫാരിസ് (27) ആണ് മരിച്ചത്. യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമണ് അപകടം. മഴ നനയാതിരിക്കാന്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഓടിക്കയറിയപ്പോള്‍ ഇന്നലെ പുലര്‍ച്ചെയാണു ദുരന്തം.

റാസല്‍ഖൈമയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇസ്തംബുള്‍ ഷവര്‍മ കടയിലെ ജീവനക്കാരനായിരുന്ന ഫാരിസ്. ഡെലിവറി ജീവനക്കാരനായ ഇയാള്‍ ജോലിക്കായി പോയ സമയത്താണു കനത്തകാറ്റും മഴയുമുണ്ടായതും കെട്ടിടത്തില്‍ കയറി നിന്നതും. സുലൈമാന്റെയും അസ്മാബിയുടെയും മകനാണു ഫാരിസ്. പരപ്പനങ്ങാടി സ്വദേശി ഫാത്തിമ സഫയാണ് ഭാര്യ. ഏഴു മാസം മുന്‍പാണു സല്‍മാന്റെ വിവാഹം കഴിഞ്ഞത്.

സഹോദരങ്ങള്‍: ഷംല ഷെറിന്‍, സുബൈദ ഷാനി. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ എല്ലാം കനത്ത മഴ പെയ്തു. പലയിടത്തും ശക്തമായ കാറ്റുവീശുകയും ആലിപ്പഴം വീഴുകയും ചെയ്തു. വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഒട്ടേറെ മരങ്ങള്‍ കടപുഴകി.