- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് ലഹരി ഒഴുകുന്നു; ബെംഗളൂരു സംഘത്തിന്റെ കാരിയര്‍മാര്‍ പേട്ടയില്‍ പൊലീസിന്റെയും എക്സൈസിന്റെയും വലയിലായി; 8 ലക്ഷത്തിന്റെ 150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
8 ലക്ഷത്തിന്റെ 150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ എട്ട് ലക്ഷം രൂപയിലധികം വില വരുന്ന 150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. ആനയറ സ്വദേശി നന്ദു, ചെറിയ കൊണ്ണി സ്വദേശി നന്ദഹരി എന്നിവരാണ് ഇന്ന് രാവിലെ ഒമ്പതരയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായത്.
ബെംഗളൂരുവിലെ ലഹരിക്കടത്ത് സംഘം പറഞ്ഞയച്ചയാള്‍ക്ക് എംഡിഎംഎ കൈമാറാന്‍ ഇരുചക്ര വാഹനത്തിലെത്തി കാത്തുനില്‍ക്കുമ്പോഴാണ് ഇരുവരും പിടിയിലായത്. പേട്ട, വഞ്ചിയൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ വില്‍ക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിരുവനന്തപുരം എക്സൈസ് നാര്‍ക്കോട്ടിക്‌സ് ടീമിന്റെയും പേട്ട പൊലീസിന്റെയും സഹായത്തോടെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. എംഡിഎംഎ പാക്കറ്റുകളിലാക്കി യുവാക്കള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. നിര്‍ധന കുടുംബാംഗങ്ങളായ ഇവരെ ലഹരിക്കടത്ത് സംഘം കാരിയര്‍മാരാക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം.
ലഹരി കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.


