തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലൂടെ പ്രതികളെ സംരക്ഷിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍. സംഭവത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (ഹം) സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയും പ്രതിപക്ഷവും അഴിമതിയില്‍ പങ്കാളികളാവുകയാണ്.സ്വര്‍ണം കട്ടത് സഖാക്കളാണെന്ന് കോണ്‍ഗ്രസുകാരും, വിറ്റത് കോണ്‍ഗ്രസാണെന്ന് സി.പി.എമ്മുകാരും പരസ്പരം പഴിചാരുമ്പോള്‍ വിശ്വാസികളായ ജനങ്ങളാണ് വഞ്ചിക്കപ്പെടുന്നത്. ഒരു കൂട്ടര്‍ പാട്ടുപാടുമ്പോള്‍ മറ്റേക്കൂട്ടര്‍ ഏറ്റുപാടുന്ന വിചിത്രമായ അവസ്ഥയാണിവിടെ - മുരളീധരന്‍ പരിഹസിച്ചു.

അന്വേഷണം പ്രഹസനം കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്.ഐ.ടി.) നിഷ്‌ക്രിയമാണ്. മോഷ്ടിക്കപ്പെട്ട സ്വര്‍ണം കണ്ടെത്താനോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനോ പോലീസിന് താല്പര്യമില്ല. പ്രധാന പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാനും നിലവില്‍ പിടിയിലായവരെ രക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എ. പദ്മകുമാര്‍, വാസു എന്നിവര്‍ക്കെതിരെ സി.പി.എം. അച്ചടക്ക നടപടി സ്വീകരിക്കാത്തത് അവര്‍ പാര്‍ട്ടിക്കെതിരായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോ എന്ന ഭയം മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. വികസന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സംസ്ഥാനം, എയിംസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി സുബീഷ് വാസുദേവ് അധ്യക്ഷത വഹിച്ചു. സ്വര്‍ണക്കൊള്ളയില്‍ സി.ബി.ഐ. അന്വേഷണം നടത്തുക, ക്ഷേമ പെന്‍ഷനുകള്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ധര്‍ണയില്‍ ഉന്നയിച്ചു. നേതാക്കളായ ബാലരാമപുരം സുരേന്ദ്രന്‍, മുക്കാലംമൂട് ബിജു, ഡോ. ഫെബി ചെറിയാന്‍, എ. ശിവശങ്കരന്‍, വിനോദ് വയനാട്, റെജി റാഫേല്‍, പ്രമോദ് ഒറ്റക്കണ്ടം, മലയിന്‍കീഴ് നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.