തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നും ഭക്ഷം കഴിച്ച രണ്ട് പേര്‍ കൂടി ചികിത്സ തേടി. മരിച്ചവര്‍ ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച രണ്ട് തിരുവനന്തപുരം സ്വദേശികളെയാണ് ആശപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇവര്‍ക്ക് സാരമായ ആരോഗ്യപ്രശ്‌നങ്ങളില്ല എന്നത് ആശ്വാസകരമാണ്. ഇതോടെ ഹോട്ടലില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചു.

വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവി,ബാധയുണ്ടായത്. അതേസമയം ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നെല കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയും മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ആരോഗ്യവകുപ്പ്. ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയാണോ എന്നതില്‍ പ്രാഥമികമായ വ്യക്തത വരും. എന്നാല്‍ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്.

ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത കണവ, മീന്‍ മുട്ട, മറ്റ് വിഭവങ്ങള്‍ എന്നിവയുടെ സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവിടും.അതേസമയം, മരിച്ചവരുടെ ആന്തരിക അവയവങ്ങളുടെ പത്തോളജി റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അലര്‍ജി മൂലമാണോ അതോ വിഷാംശം ഉള്ളില്‍ ചെന്നാണോ മരണം സംഭവിച്ചതെന്ന് ഉറപ്പിക്കാന്‍ കഴിയൂ. അതിനിടെ വിഴിഞ്ഞം മേഖലയിലെ ഹോട്ടലുകളില്‍ വരും ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശനമായ പരിശോധനകള്‍ നടത്തും.

മരിച്ചവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കണ്ണന്‍ വിവരിച്ചതനുസരിച്ച്, ഭക്ഷണം കഴിഞ്ഞ് മടങ്ങിയ ഉടന്‍ തന്നെ റഷീദാ ബീവിക്ക് നെഞ്ചുവേദനയും നാവ് കുഴയുന്ന അവസ്ഥയും അനുഭവപ്പെട്ടിരുന്നു. പിന്നാലെ ഷാജിക്കും അസ്വസ്ഥതകള്‍ തുടങ്ങുകയായിരുന്നു. ഷാജിയുടെ ഭാര്യ സജീന ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.